ലഹരി കൂട്ടാൻ നിരോധിത കഫ് സിറപ്പുകൾ: ജില്ലയിൽ വിൽപ്പനയ്‌ക്കെത്തിച്ച നിരോധിത കഫ് സിറപ്പുകളുമായി ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി

ലഹരി കൂട്ടാൻ നിരോധിത കഫ് സിറപ്പുകൾ: ജില്ലയിൽ വിൽപ്പനയ്‌ക്കെത്തിച്ച നിരോധിത കഫ് സിറപ്പുകളുമായി ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക്

കോട്ടയം: ലഹരിയുടെ വീര്യം കൂട്ടാൻ വൻ തോതിൽ കഫ് സിറപ്പുകൾ വിൽപ്പനയ്ക്കായി എത്തിച്ച, രണ്ടു യുവാക്കളെ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പിടികൂടി. ഈരാറ്റുപേട്ട കൊല്ലംപറമ്പിൽ നൗഷാദിന്റെ മകൻ അമീൻ നൗഷാദ് (24), അരുവിത്തുറ തൊമ്മൻപറമ്പിൽ നിസാറിന്റെ മകൻ ഹുസൈൻ നിസാർ (23) എന്നിവരെയാണ് സ്‌ക്വാഡ് അംഗങ്ങളും ഈരാറ്റുപേട്ട പൊലീസും ചേർന്നു പിടികൂടിയത്. 25 കുപ്പി നിരോധിത കഫ് സിറപ്പുകളും, ഇവർ സഞ്ചരിച്ച കാറും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കു ഈരാറ്റുപേട്ടയിൽ നിന്നും ലഹരിയടങ്ങിയ വീര്യം കൂടിയ കഫ് സിറപ്പുകൾ വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങൾ ദിവസങ്ങളായി ഈരാറ്റുപേട്ടയിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതോടെയാണ് പ്രതികൾ തമിഴ്‌നാട്ടിൽ നിന്നും ലഹരി സിറപ്പുകൾ കൊണ്ടു വരുന്നതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ തിരിച്ചറിയുക കൂടി ചെയ്തതോടെ പൊലീസ് സംഘം ഇവരുടെ മൊബൈൽ ഫോൺ നമ്പരുകൾ നിരീക്ഷണത്തിൽ വച്ചു. കഴിഞ്ഞ ദിവസം ഇരുവരും, തമിഴനാട്ടിലേയ്ക്കു പോയതായി പൊലീസ് സംഘം കണ്ടെത്തി. തുടർന്ന് പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബൈജുകുമാർ, എസ്.ഐ എം.എച്ച് അനുരാജ്, എ.എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തുടർച്ചയായി കുടിക്കാൻ നല്ല ലഹരിയും കിക്കും ലഭിക്കുന്ന സിറപ്പുകളാണ് ഇത്. അനുവദനീയമായതിൽ കൂടുതൽ ലഹരി ഇതിൽ അടങ്ങിയതിനെ തുടർന്നാണ് ഇവ സർക്കാർ നിരോധിച്ചത്. ഈ ലഹരി സിറപ്പുകൾ കുടിച്ചാൽ മണിക്കൂറുകളോളം മയങ്ങിക്കിടക്കാൻ സാധിക്കും. തുടർച്ചയായി ഈ ലഹരി സിറപ്പുകൾ കഴിച്ചാൽ, ഇത് കിഡ്‌നിയെയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും.