Spread the love

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ ഗുരുതരമായ മാലിന്യ പ്രശ്നത്തില്‍ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. ക്ഷേത്രപരിസരം അടിയന്തരമായി ശുചീകരിക്കണമെന്ന് നിർദേശിച്ച കോടതി, വീഴ്ച ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

video
play-sharp-fill

കേസിൽ ഹാജരായ ഉദ്യോഗസ്ഥരും സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന പ്രത്യേക സത്യവാങ്മൂലങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ കോടതിയെ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി അതീവ പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു.

സെപ്റ്റിക് ടാങ്കിന് സമീപം കാട് പിടിച്ചുകിടക്കുന്നതടക്കമുള്ള സാഹചര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ പാചകപ്പുര, കീഴ്ക്കാവിലെ ശൗചാലയം, ക്ഷേത്രക്കുളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതിന്റെ ചിത്രങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഭക്തർക്ക് ആത്മീയാനുഭവം നൽകേണ്ട ക്ഷേത്രപരിസരം മലിനമാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥർ പരസ്പരം ഉത്തരവാദിത്വം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കോടതി വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group