പൊലീസുകാരെ പട്ടിണികിടക്കേണ്ടി വരില്ല…! എസ്.ഐ ടോം മാത്യുവിന്റെ കരുതലുണ്ട്; പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകിയത് ചിങ്ങവനം സ്റ്റേഷനിലെ എസ്.ഐ ടോം മാത്യു
തേർഡ് ഐ ബ്യൂറോ
ചിങ്ങവനം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ കാലത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊറോണ പടരാതിരിക്കാൻ കാക്കിയണിഞ്ഞ് തെരുവിൽ കാവൽനിൽക്കുകയാണ് കേരള പൊലീസ്. തെരുവുനായ്ക്കൾക്കു മുതൽ വീടിനുള്ളിൽ അടച്ചിരിക്കുന്ന മനുഷ്യർക്കു വരെ ഭക്ഷണം ഉറപ്പാക്കാൻ കാവൽ നിൽക്കുകയാണ് കേരള പൊലീസ്. ഈ പൊലീസുകാർ ഭക്ഷണം കഴിച്ചോ എന്നും, ഇവരുടെ ആരോഗ്യം ഉറപ്പാക്കാനുമായി രംഗത്തിറങ്ങുകയാണ് ചിങ്ങവനം സ്റ്റേഷനിലെ എസ്.ഐ ടോം മാത്യു.
ലോക്ക് ഡൗൺ കാലത്ത് ദിവസവും നൂറു കണക്കിന് രോഗികൾക്കും നിരാലംബർക്കുമാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നത്. ഇത്തരത്തിൽ നാട് മുഴുവൻ ഭക്ഷണം എത്തിച്ചു കരുതൽ നൽകുന്ന സ്വന്തം സഹപ്രവർത്തകർക്കാണ് ടോം മാത്യുവിന്റെ കരുതലിന്റെ സ്‌നേഹം അനുഭവിക്കാൻ അവസരമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് അറിയുന്ന ടോം മാത്യു ഇവർക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകാനുള്ള അനുമതി മേലുദ്യോഗസ്ഥരോട് ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും തെരുവിൽ അലയുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നവരിൽ ഏറെയും.
നിലവിൽ ഇവർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യങ്ങൾ ഒന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതിനുള്ള ക്രമീകരണം ടോം മാത്യു സ്വയം ഒരുക്കിയത്. വിവിധ സന്നദ്ധ സംഘടനകൾ, സുമനസുകൾ, വിവിധ ആരാധനാലയങ്ങളുടെ ഭാരവാഹികൾ എന്നിവരുടെ സഹകരണത്തോടെയാണ് ടോം മാത്യു പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു നേരം ഭക്ഷണം എത്തിച്ചു നൽകിയത്.
ടോം മാത്യു ബസേലിയസ് കോളേജ് അല്മിനി അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.