
നിങ്ങളെ വലിയ രോഗിയാക്കാൻ ചിക്കനിലും പഴംപൊരിയിലും നിറം: വൃത്തിയില്ലാത്ത അടുക്കള; പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ: ആകെ മൊത്തം അലമ്പായ 11 ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ; കുടുങ്ങിയത് ഹോട്ടൽ ഐശ്വര്യയും, അന്നാസും അടക്കമുള്ള ഹോട്ടലുകൾ
സ്വന്തം ലേഖകൻ
കോട്ടയം: ചിക്കനും പഴംപൊരിയിലും നിറം ചേർത്ത് ആളുകളുടെ ആരോഗ്യം നശിപ്പിക്കാനിറങ്ങിയ ജില്ലയിലെ 11 ഹോട്ടലുൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ. ജില്ലയിലെ പ്രമുഖ 11 ഹോട്ടലുകളിൽ നിന്നും 28,000 രൂപ പിഴയായി ഈടാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഇവർ നോട്ടീസും നൽകി. മൂന്നു ദിവസമായി രാത്രി കാലത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ജില്ലയിലെ 44 ഹോട്ടലുകളിൽ പരിശോധന നടത്തിയത്. 18 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകിയിട്ടുണ്ട്. 11 ഹോട്ടലുകളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്.
പാലാ ഈരാറ്റുപേട്ട റോഡിൽ പീജേയ്‌സ് ഹോട്ട് ചിക്ക്‌സ്, പാലാ ഇടപ്പാടിയിലെ ഹോട്ടൽ പൊൻപുലരി, പാമ്പാടി എട്ടാം മൈലിലെ അച്ചായൻസ് റസ്റ്ററണ്ട്, പാമ്പാടിയിലെ കോഫി ഹൗസ് ആൻഡ് ഫാമിലി റസ്റ്ററണ്ട്, പാമ്പാടി വെള്ളൂരിലെ അൽകാട്ടറബീസ് , കോട്ടയം കാരിത്താസ് ജംഗ്ഷനിലെ ഹോട്ടൽ ഐശ്വര്യ, കാരിത്താസ് ജംഗ്ഷനിലെ തന്നെ മലബാർ സ്വീറ്റ് ഹൗസ്, കാരിത്താസ് ജംഗ്ഷനിലെ തന്നെ ഹോട്ട് ബ്രഡ് ബേക്കേഴ്‌സ്, അതിരമ്പുഴയിലെ സാജുസ് റസ്റ്ററണ്ട്, അതിരമ്പുഴ തലശ്ശേരി ഹോട്ടൽ, അതിരമ്പുഴയിലെ അന്നാസ് സ്വീറ്റ് ഷോപ്പ് എന്നിവയിൽ നിന്നാണ് 28,000 രൂപ പിഴ ഈടാക്കിയത്.
മോശം ഭക്ഷണത്തിനൊപ്പം അജിനാമോട്ടോയും മറ്റ് നിറങ്ങളും ചേർത്ത ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. ചിക്കനിലും പഴംപൊരിയിലും അടക്കമുള്ളവയിൽ കൃത്രിമ നിറം ചേർത്താണ് വിൽപ്പന നടത്തുന്നത്. നിശ്ചിത അളവിൽ കൂടുതൽ നിറം ചേർത്ത് ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്ന ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം നിരോധിച്ചിരിക്കുകയാണ്. ഇത് ലംഘിച്ചാണ് ഈ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പിഴ ഈടാക്കിയ ഹോട്ടലുകളിൽ 90 ശതമാനത്തിന്റെയും അടുക്കള വൃത്തിഹീനമായിരുന്നു. പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങളെല്ലാം ഒന്നിച്ച് ഒരേ ഫ്രീസറിൽ വച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ചൂട് ഭ്ക്ഷണങ്ങൾ വച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളിൽ അജിനാമോട്ടോ ചേർക്കുന്നുണ്ടെങ്കിൽ ഇത് ഹോട്ടലിൽ ബോർഡ് സ്ഥാപിച്ച് കാണിക്കണമെന്നാണ് ചട്ടം. എന്നാൽ, പരിശോധന നടത്തിയ ഹോട്ടലുകൾ ഇത് ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തന്നെ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു.