
ചെങ്ങന്നൂർ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് പുറത്തെടുക്കുന്നത്.
മാർച്ച് 20നാണ് ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 74 കാരന്‍റേത് പ്രായാധിക്യത്തെ തുടർന്നുള്ള മരണമാണെന്നും അതിനാൽ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നും സഹോദരൻ ഗബ്രിയേൽ അന്ന് നിലപാടെടുത്തിരുന്നു.
ഇതോടെ പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം സംസ്കരിച്ചു.വിദേശത്തായിരുന്ന മരുമകൾ ലീന ബിൻസ്നാട്ടിലെത്തി സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം ഗബ്രിയേലിന്‍റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മരുമകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വത്ത് കൈക്കലാക്കാൻ യേശുദാസിനെ അപായപ്പെടുത്തിയതാണെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്നുമായിരുന്നു ആവശ്യം.
മരുമകൾ നൽകിയ പരാതിയിലാണ് മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള കോടതി ഉത്തരവ്. ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ രാവിലെ പത്ത് മണിയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കും.



