play-sharp-fill
ചെക്കേരി കോളനിയിൽ മാവോയിസ്റ്റുകളെത്തിയെന്നത് സ്ഥിരീകരിച്ചു ; മൂന്നു പേർക്കെതിരെ യു.എ.പി.എ ചുമത്തി

ചെക്കേരി കോളനിയിൽ മാവോയിസ്റ്റുകളെത്തിയെന്നത് സ്ഥിരീകരിച്ചു ; മൂന്നു പേർക്കെതിരെ യു.എ.പി.എ ചുമത്തി

 

സ്വന്തം ലേഖിക

കണ്ണൂർ: കോളയാട് ചെക്കേരി ആദിവാസി കോളനിയിൽ മാവോവാദികളെത്തിയ സംഭവം പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ യു.എ.പി.എ.ചുമത്തി കേസെടുത്തു. മാവോവാദി നേതാവ് സുന്ദരിയും കണ്ടാലാറിയാവുന്ന മറ്റ് രണ്ടുപേർക്കെതിരെയുമാണ് പേരാവൂർ പോലീസ് കെസെടുത്തത്.

കോളനിയിലെ ഒരു വീട്ടുടമയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും സായുധരായ അഞ്ചംഗ മാവോവാദികളാണ് കോളനിയിലെത്തിയതെങ്കിലും മൂന്ന് പേർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളനിയിലെത്തിയ മാവോവാദികൾ കന്നഡ ഭാഷയിലാണ് സംസാരിച്ചതെന്നും വീട്ടുകാരിലൊരാളോട് ടി.വിയിൽ കന്നഡ ചാനൽ വെക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. മാത്രവുമല്ല, കോളനിയിലെ ഒരു വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്യിപ്പിച്ച് കഴിച്ചാണ് ഇവർ മടങ്ങിയത്.

എല്ലാവരുടെയും കയ്യിൽ തോക്കുണ്ടെന്നും കോളനിവാസികൾ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം മൂന്ന് മണിക്കൂറോളം കോളനിയിൽ ചിലവിട്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് പോലീസ് സംഭവമറിയുന്നത്. മൂന്ന് വീടുകളിലാണ് മാവോവാദികൾ കയറിയതെങ്കിലും രണ്ടു വീട്ടുകാർ പരാതി നല്കാൻ തയ്യാറായിട്ടില്ല.

മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും കണ്ണവം വനത്തിലുൾപ്പെടെ തിരച്ചിൽ നടത്താൻ തണ്ടർബോൾട്ട് സേന ഇതുവരെയും എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പേരാവൂരിനു സമീപം കേളകം സ്റ്റേഷൻ പരിധിയിൽ തണ്ടർ ബോൾട്ട് സേനയുണ്ടെങ്കിലും ചെക്കേരി കോളനിയോട് ചേർന്ന കണ്ണവം വനമേഖലയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പോലീസ് കാര്യക്ഷമമായ തിരച്ചിൽ നടത്താൻ തയ്യാറാവുന്നില്ല.