
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിന്റെ അതേ മാനേജ്‌മെന്റിന് കീഴിലുള്ള പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുൻ വിദ്യാർത്ഥിനി.
ക്രൂരമായ റാഗിങ്ങും അധ്യാപക പീഡനവും സഹിക്കവയ്യാതെ പല വിദ്യാർഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായി വെളിപ്പെടുത്തല്‍.
കോളേജില്‍ ‘ഫ്രഷേഴ്സ് ഡേ’ എന്ന പേരില്‍ ഔദ്യോഗികമായി തന്നെ റാഗിങ് നടക്കാറുണ്ടെന്ന് വിദ്യാർഥിനി ആരോപിക്കുന്നു.
ജൂനിയർ വിദ്യാർഥികളുടെ മുഖത്ത് കരിവാരി തേച്ചും വികൃതമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചും സ്റ്റേജില്‍ പ്രകടനം നടത്താൻ നിർബന്ധിക്കുന്നു. കോളേജിലെ സ്റ്റാഫും മറ്റ് വിദ്യാർഥികളും നോക്കിനില്‍ക്കെയാണ് ഇത്തരം അവഹേളനങ്ങള്‍ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജില്‍ ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് ഡ്രസ് കോഡ് പോലും നിർണ്ണയിക്കുന്നത് സീനിയേഴ്സ് ആണെന്ന് പൂർവ്വ വിദ്യാർഥിനി പറയുന്നു. നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ ജീൻസ് ധരിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലും റാഗിങ്ങിന് ഇരയായി.
വിദ്യാർഥികളോട് അധ്യാപകരും സ്റ്റാഫും പെരുമാറുന്നത് അത്യന്തം മോശമായ രീതിയിലാണെന്ന് വെളിപ്പെടുത്തലുണ്ട്. വിദ്യാർഥികളുടെ കോളറിന് പിടിച്ചു വലിച്ചും ‘കഴുവേറി’ തുടങ്ങിയ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും അധ്യാപകർ അധിക്ഷേപിക്കാറുണ്ട്.
അധ്യാപകർ നടന്നു വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത കുട്ടികളെ മർദ്ദിക്കുന്ന സംഭവങ്ങള്‍ വരെ അവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം മാനസിക പീഡനങ്ങള്‍ കൂടാതെ, വിദ്യാർഥികളെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാറുമുണ്ടെന്ന് വിദ്യാർഥിനി പറയുന്നു.



