മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി ; കേന്ദ്ര സഹായത്തിന്റെ കണക്ക് ഇപ്രകാരം ; ധനസഹായം അനുവദിച്ചത് പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക്
സ്വന്തം ലേഖകൻ
ദില്ലി: കേരളമുൾപ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചത് പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആര്‍എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന്ന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഈ സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ (ഐഎംസിടി)അയച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, അടുത്തിടെ വെള്ളപ്പൊക്കം നാശം വിതച്ച ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഐഎംസിടികളെ ഉടൻ അയക്കും. ഐഎംസിടി വിലയിരുത്തൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷം, വ്യവസ്ഥാപിത നടപടിക്രമം അനുസരിച്ച്, ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് എൻഡിആര്‍എഫില്‍ നിന്നുള്ള അധിക സാമ്പത്തിക സഹായം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ വർഷം 21 സംസ്ഥാനങ്ങൾക്കായി 14,958 കോടിയിലധികം രൂപയാണ് നൽകിയിട്ടുള്ളത്. എസ്ഡിആര്‍എഫിൽ നിന്ന് 21 സംസ്ഥാനങ്ങളിലേക്ക് നൽകിയ 9044.80 കോടിയും എൻഡിആര്‍എഫിൽ നിന്ന് 15 സംസ്ഥാനങ്ങളിലേക്ക് നൽകിയ 4528.66 കോടിയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് (എസ്ഡിഎംഎഫ്) 11 സംസ്ഥാനങ്ങളിലേക്ക് നൽകിയ 1385.45 കോടിയും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക. വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്.