
ഡല്‍ഹി: സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ ഔദ്യോഗിക പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം.
അപേക്ഷാ വിതരണം ആരംഭിച്ച ആദ്യ ദിനത്തിലാണ് പോർട്ടലിനെ തകർക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായ സൈബർ ആക്രമണത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായതെന്ന് സിബിഎസ്‌സി വ്യക്തമാക്കി.
പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമുള്ള സൈറ്റിലാണ് ആക്രമണം.
ആയിരക്കണക്കിന് വിദ്യാർത്ഥികള്‍ ഇന്ന് സിബിഎസ്‌ഇ റീ-ഇവാലുവേഷൻ പോർട്ടല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു സേവനങ്ങള്‍ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകള്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് സിബിഎസ്‌ഇ പ്രസ്താവനയില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി പ്രവർത്തിച്ചതിനാല്‍ സൈബർ ആക്രമണങ്ങളെ അതിജീവിച്ച് പോർട്ടല്‍ പൂർണമായും പ്രവർത്തനസജ്ജമായി തുടരുന്നതായി സിബിഎസ്‌സി അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ലൈവ് ആയ പോർട്ടല്‍ യാതൊരുവിധ തടസങ്ങളുമില്ലാതെയാണ് വിദ്യാർത്ഥികള്‍ക്കായി സേവനം നല്‍കിയത്.
സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങള്‍ സിബിഎസ്‌ഇ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ശൃംഖലകളെ നിശ്ചലമാക്കാൻ സൈബർ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന വൻ തോതിലുള്ള ‘ഡിനയല്‍ ഓഫ് സർവീസ്’ ആക്രമണമാണ് പോർട്ടലിന് നേരെ ഉണ്ടായത്.
വെറും രണ്ട് മിനിട്ടിനുള്ളില്‍ 1.5 മില്യണ്‍ വ്യാജ ഹിറ്റുകളാണ് പോർട്ടലിലേക്ക് സൈബർ അക്രമികള്‍ ഒഴുക്കിയത്. ഇതിനുപുറമെ, സിബിഎസ്‌ഇ സിസ്റ്റത്തില്‍ സൂക്ഷിച്ചിട്ടുള്ള പ്രധാനപ്പെട്ട ഫയലുകളിലേക്ക് അനധികൃതമായി കടന്നുകയറാൻ ഒരു ലക്ഷത്തിലധികം തവണ ശ്രമങ്ങള്‍ നടന്നു.
സൈബർ ആക്രമണങ്ങള്‍ക്കിടയിലും ഭീമമായ ട്രാഫിക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പോർട്ടലിന് സാധിച്ചു. ഒരേ സമയം എണ്ണായിരത്തിലധികം ഉപഭോക്താക്കളെ ഒരുമിച്ച് പിന്തുണയ്ക്കാൻ വെബ്‌സൈറ്റിന് കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കനുസരിച്ച് പതിനെണ്ണായിരത്തിലധികം വിദ്യാർത്ഥികള്‍ തങ്ങളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകള്‍ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞു.







