Spread the love

ന്യൂഡൽഹി:  പഞ്ചാബില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് കോടികളുടെ അനധികൃത സമ്പാദ്യം പിടികൂടി. പഞ്ചാബിലെ രൂപാർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡി.ഐ.ജി.) ഹർചരൺ സിങ് ഭുള്ളറിന്റെ അനധികൃത സ്വത്തുക്കളാണ് സിബിഐ കണ്ടെത്തിയത്‌. ഉദ്യോഗസ്ഥനെതിരെ സിബിഐ കേസെടുത്തു.

video
play-sharp-fill

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഐപിഎസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ സമ്പാദ്യം പിടികൂടിയത്.

എട്ടുലക്ഷം രൂപ ഐപിഎസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിലേക്ക് വഴി തുറന്നത്. അന്വേഷണത്തിൽ അഞ്ച് കോടി രൂപ പണം, ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ എന്നിവയുൾപ്പെടെ കണക്കിൽപ്പെടാത്ത ഭീമമായ സമ്പത്താണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹർചരൺ സിങ് ഭുള്ളർ. ഇടനിലക്കാരനായി പ്രവർത്തിച്ച കൃഷ്ണ എന്നയാളെയും സിബിഐ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രാദേശിക വ്യവസായിക്കെതിരായ ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ ഈ ഇടനിലക്കാരൻ വഴി ഉദ്യോഗസ്ഥൻ കൈക്കൂലിയും ഒത്തുതീർപ്പുതുകയും ആവശ്യപ്പെട്ടതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹർചരൺ സിങ് എട്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പ്രതിമാസ ഒത്തുതീർപ്പ് തുക നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലുള്ള ആകാശ് ബട്ട എന്ന സ്ക്രാപ്പ് വ്യാപാരിയാണ് പരാതി നൽകിയത്. കൃഷ്ണ വഴിയാണ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്.

ഡിഐജിക്ക് വേണ്ടി പരാതിക്കാരനിൽ നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ കൃഷ്ണ, സിബിഐ ഒരുക്കിയ കെണിയിൽ കുടുങ്ങുകയായിരുന്നു. പണം കൈമാറിയ ഉടൻ തന്നെ പരാതിക്കാരൻ ഡിഐജിയെ ഫോണിൽ ബന്ധപ്പെടുകയും പണം കൈമാറിയതായി അറിയിക്കുകയും ചെയ്തു. ഇരുവരോടും ഓഫീസിലെക്കെത്താൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സി.ബി.ഐ. സംഘം മൊഹാലിയിലെ ഓഫീസിലെത്തി ഡി.ഐ.ജി. ഭുള്ളറിന്റെയും കൃഷ്ണയുടെയും അറസ്റ്റ് രേഖപ്പെടുത്തി.

അറസ്റ്റിനെത്തുടർന്ന്, രൂപാർ, മൊഹാലി, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി ഭുള്ളറുമായി ബന്ധമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ സി.ബി.ഐ. റെയ്ഡ് നടത്തി. അഞ്ചുകോടി രൂപയും 1.5 കിലോ സ്വർണ്ണവും ആഭരണങ്ങളും മെഴ്‌സിഡസ്, ഓഡി ആഡംബര വാഹനങ്ങൾ, 22 ആഡംബര വാച്ചുകൾ, ലോക്കർ താക്കോലുകൾ, 40 ലിറ്റർ വിദേശമദ്യം മുതലായവ അന്വേഷണത്തിൽ കണ്ടെത്തി.

കൂടാതെ ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ എന്നിവയുൾപ്പെടെയുള്ള തോക്കുകളും കണ്ടെടുത്തു. ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന കൃഷ്ണയുടെ വസതിയിൽ നിന്ന് 21 ലക്ഷം രൂപയും കണ്ടെത്തി.