പൂച്ചയോടുള്ള അമിത സ്നേഹം; വളർത്തുപൂച്ചയെ കാണാതായതിന് മുത്തച്ഛന് നേരെ ആക്രമണം, പേരക്കുട്ടിക്കെതിരെ വധശ്രമത്തിന് കേസ്
തൃശ്ശൂർ: വളർത്തുമൃഗങ്ങൾ ചിലർക്ക് സ്വന്തം കുടുംബാംഗങ്ങളെപോലെയാണ്. അത്രയ്ക്കധികം സ്നേഹവും ലാളനയും നൽകിയാണ് ചിലർ അവയെ വളർത്തുക. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലോ അത് സഹിക്കാവുന്നതിലും അപ്പുറമാണ്.
വീട്ടിൽ വളർത്തുന്ന പൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ചിരിക്കുകയാണ് പേരക്കുട്ടി. ലാളിച്ച് വളർത്തിയ പൂച്ചയെ കാണാതായ ദേഷ്യത്തിലാണ് മുത്തച്ഛനെ പേരക്കുട്ടി ആക്രമിച്ചത്.
തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി. ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പോലീസിന് കൈമാറുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു.