കാഷ് ഓൺ ഡെലിവറി നിയമവിരുദ്ധം; ഓൺലൈൻ ഷോപ്പിങ്ങിന് വമ്പൻ തിരിച്ചടി

കാഷ് ഓൺ ഡെലിവറി നിയമവിരുദ്ധം; ഓൺലൈൻ ഷോപ്പിങ്ങിന് വമ്പൻ തിരിച്ചടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഓൺ ലൈൻ ഷോപ്പിങ് സൈറ്റുകളിലെ കാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസേർവ് ബാങ്ക്. ഓൺലൈൻ സൈറ്റുകളിൽനിന്ന് ഉല്പന്നം വാങ്ങി കൈയ്യിലെത്തിയ ശേഷം മാത്രം പണം നൽകുന്ന സംവിധാനമാണ് ക്യാഷ് ഓൺ ഡെലിവറി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച് ആർ.ബി.ഐ മറുപടി നൽകിയത്. ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ പകുതിയോളം ഉൽപന്നങ്ങളും വിതരണത്തിന് ശേഷമാണ് പണം ഈടാക്കുന്നത്. പെയ്മന്റെ്‌സ് ആൻറ് സെറ്റിൽമന്റെ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്‌ളിപ്കാർട്ട്, ആമസോൺ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് കാഷ് ഓൺ ഡെലിവറിയിലുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ അനുമതിയില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ആർ.ബി.ഐ അറിയിച്ചു. ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ്ങിന് പ്രിയമേറി വരുന്നതിനിടെയാണ് കാഷ് ഓൺ ഡെലിവറി നിയമവിരുദ്ധമാണെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. വാൾമാർട്ട് ഉൾപ്പടെയുള്ള വമ്പൻമാർ മേഖലയിലേക്ക് കടന്നുവരാനിരിക്കെയാണ് ആർ.ബി.ഐയുടെ പുതിയ അറിയിപ്പ്.

Leave a Reply

Your email address will not be published.