അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി : ഇനി തിരുത്തൽ ഹർജിക്ക് മാത്രമാണ് സാദ്ധ്യത
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. അയോദ്ധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രനിർമാണത്തിന് അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് തള്ളിയത്. ഇതുസംബന്ധിച്ച18 ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിലാണ് ഹർജികൾ പരിഗണിച്ചത്. ഇനി തിരുത്തൽ ഹർജിക്ക് മാത്രമാണ് സാദ്ധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ഉൾപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരാണ് കേസിൽ വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാർ. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിർമോഹി അഖാര ഇന്നലെ പുനഃപരിശോധന ഹർജി നൽകിയിരുന്നു.
കഴിഞ്ഞ മാസമാണ് മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കേസിൽ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തർക്ക ഭൂമി, സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും ഈ ട്രസ്റ്റ് രാമക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കണമെന്നുമായിരുന്നു വിധി.
മുസ്‌ലിംങ്ങൾക്ക് പള്ളി നിർമിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി നൽകാനും കോടതി നിർദേശിച്ചിരുന്നു.