മദ്യപിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക ഓഫർ ; തിരിച്ചറിയൽ കാർഡുമായി വരുന്നവർക്ക് പ്രത്യേക പാക്കേജ് ; ആൺ കുട്ടികൾക്ക് 15 ശതമാനം വരെ വിലക്കിഴിവ് ; സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട ബാറുടമയ്ക്കെതിരെ കേസ്
സ്വന്തം ലേഖകൻ
മംഗളൂരു: മദ്യപിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുമായി സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട ബാറുടമയ്ക്കെതിരെ കേസ്. ദേരേബൈലിലെ ദ ലാൽബാഗ് ഇൻ എന്ന ബാറിന്റെ ഉടമകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തത്.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുമായി വരുന്ന വിദ്യാർഥികൾക്ക് പ്രത്യേക പാക്കേജും ആൺ കുട്ടികൾക്ക് 15 ശതമാനം വരെ വിലക്കിഴിവുമാണ് ബാർ ഉടമ പ്രഖ്യാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ചയാണ് ബാറിലും സോഷ്യൽമീഡിയയിലും വിദ്യാർഥികൾക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ് ഫയൽ ചെയ്യുകയായിരുന്നു.
സംഭവത്തിൽ മംഗളൂരു പൊലീസും കേസെടുത്തിട്ടുണ്ട്. പ്രായം നോക്കിയേ മദ്യം നൽകാവൂ എന്ന് മംഗളൂരുവിലെ എല്ലാ ബാർ-പബ് ഉടമകൾക്കും നോട്ടീസ് നൽകുന്നതിന് സിറ്റി പൊലീസ് നിർദേശം നൽകി.