play-sharp-fill
കുമളിയിൽ ഏലയ്ക്കാ സ്‌റ്റോറിന് തീപിടിച്ചു; 40 ലക്ഷം രൂപയുടെ നാശനഷ്ടം ; തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ

കുമളിയിൽ ഏലയ്ക്കാ സ്‌റ്റോറിന് തീപിടിച്ചു; 40 ലക്ഷം രൂപയുടെ നാശനഷ്ടം ; തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ

സ്വന്തം ലേഖകൻ

കുമളി: മേലെ ചക്കുപള്ളത്തിന് സമീപം ഏലക്കാ സ്റ്റോറിന് തീപിടിച്ച് വന്‍ നാശനഷ്ടം. 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. തമിഴ്നാട് സ്വദേശിയായ വെങ്കട്ടിന്റെ ഉടമസ്ഥതയിലുള്ള മേലെ ചക്കുപള്ളം എ.കെ.എസ്. എസ്റ്റേറ്റ് വക ഏലം സ്റ്റോറിനാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ തീപിടിച്ചത്. 1,500 കിലോ ഏലയ്ക്ക കത്തിനശിച്ചു.

സ്റ്റോറില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ബഹളംവെക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ സ്റ്റോറിനുള്ളില്‍ സൂക്ഷിച്ച കുറച്ച് പച്ച ഏലയ്ക്ക ചാക്കുകളും ജനറേറ്റര്‍ അടക്കമുള്ള ഉപകരണങ്ങളും പുറത്തേക്ക് ഇറക്കുന്നതിനിടെ വേഗത്തില്‍ തീപടര്‍ന്നു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കട്ടപ്പനയില്‍നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തുമ്പോഴേക്കും സ്റ്റോറിലേക്ക് കടക്കാന്‍ കഴിയാത്ത രീതിയില്‍ തീ പടര്‍ന്നു. 18 ചാക്ക് ഉണങ്ങിയ ഏലയ്ക്ക പൂര്‍ണമായും കത്തി നശിച്ചു. മുക്കാല്‍മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പുകക്കുഴലിന് സമീപമാണ് തീ ഉയരുന്നത് ആദ്യം സമീപവാസികള്‍ കണ്ടത്. അതിനാല്‍, ഏലയ്ക്ക ഉണക്കാന്‍ ഉപയോഗിക്കുന്ന പുകക്കുഴല്‍ അധികമായി ചൂടായതിനെ തുടര്‍ന്ന് മേല്‍ക്കുരയ്ക്ക് തീപിടിച്ചതാകാമെന്ന് സ്റ്റോറിലെ ജീവനക്കാര്‍ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീ പിടുത്തത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പരിശോധിക്കും. തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം അതിനുശേഷമേ വ്യക്തമാകുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.