
ആദ്യം ബൈക്ക് മോഷ്ടിച്ചു; ടയർ ഊരിവിറ്റു: പണം തികയാതെ വന്നതോടെ ഭാരത് ആശുപത്രിയ്ക്കു മുന്നിൽ കറങ്ങി നടന്നു; സുരക്ഷാ വീഴ്ച മുതലെടുത്ത് ഡോക്ടറുടെ കാറുമായി കടന്നു; കാർ മോഷ്ടിക്കാൻ ആഷിക്കിനും സംഘത്തിനും വേണ്ടി വന്നത് ഒന്നര മണിക്കൂർ മാത്രം..!
ക്രൈം ഡെസ്‌ക്
കോട്ടയം: ഭാരത് ആശുപത്രിയ്ക്കു മുന്നിൽ നിന്നും ഡോക്ടറുടെ കാർ മോഷ്ടിക്കാനുള്ള സുരക്ഷാ വീഴ്ച മനസിലാക്കാൻ പ്രതികളുടെ സംഘത്തിന് വേണ്ടി വന്നത് വെറും ഒന്നര മണിക്കൂർ മാത്രം..! ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ അലംഭാവവും, ഉഴപ്പ് സ്വഭാവവും കൃത്യമായി മനസിലാക്കിയാണ് ആഷിക്കും സംഘവും മോഷണം നടത്തിയത്. കേസിൽ അറസ്റ്റിലായ മാങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പുറത്ത് വീട്ടിൽ സുമേഷ് രവീന്ദ്രൻ (28) എന്നിവരിൽ ആഷിക്കിനു മാത്രമാണ് മുൻപ് മോഷണക്കേസുള്ളത്. മറ്റു രണ്ടു പേർക്കും അടിപിടി, പെറ്റിക്കേസുകൾ മാത്രമാണ് ഉള്ളത്. സുമിയാകട്ടെ ഇതുവരെ കേസുകളിൽ ഒന്നും പ്രതിയായിട്ടുമില്ല.
എറണാകുളം പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ അടക്കം പ്രതിയാണ് ആഷിക്. വിവാഹത്തോടെയാണ് ആഷിക്കും സുമിയും മാങ്ങാനത്തേയ്ക്കു താമസം മാറിയത്. തുടർന്നാണ് സാമ്പത്തിക പ്രതിസന്ധി അടക്കം ഇരുവർക്കും ഉടലെടുത്തത്. ഇതോടെയാണ് ആഷിക്ക് മോഷണത്തിനായി പദ്ധതി തയ്യാറാക്കിയതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസം മുൻപ് ആഷിക്ക് നഗരമധ്യത്തിൽ നിന്നും ഒരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്കിന്റെ ടയർ ഊരി വിറ്റ് അത്യാവശ്യം പണവും ഇയാൾ കണ്ടെത്തിയിരുന്നു. ബൈക്ക് പാർട്‌സാക്കി പൊളിച്ചു വിൽക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും, ഉദ്ദേശിക്കുന്ന പണം ലഭിക്കില്ലെന്നു കണ്ടെത്തിയതോടെയാണ് വീണ്ടും വലിയ മോഷണങ്ങൾക്കായി പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആഷിക്ക് പ്രവീണിനെയും സുമേഷിനെയും ഒപ്പം കൂട്ടി. വലിയ മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലേയ്ക്കു കടക്കാനും, ഇവിടെ ജോലി ചെയ്തു ജീവിക്കുന്നതിനുമായിരുന്നു പ്രതികളുടെ പദ്ധതി.
ഇതിനായാണ് സംഭവ ദിവസം വൈകിട്ട് നാലു മണിയോടെ തിരുനക്കരഭാഗത്ത് പ്രതികൾ എത്തിയത്. എവിടെ നിന്നെങ്കിലും കാർ മോഷ്ടിച്ച് എറണാകുളത്ത് എത്തിച്ചു വിൽക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായാണ് ഭാരത് ആശുപത്രിയ്ക്കു സമീപത്തെ അക്ഷയ സെന്ററിൽ ആഷിക്ക് എത്തിയത്. തുടർന്നു ആഷിക്ക് ഇവിടെ നിൽക്കുമ്പോൾ ഷീബ ഡോക്ടർ കാറുമായി ആശുപത്രിയ്ക്കുള്ളിലേയ്ക്കു കയറുന്നത് കണ്ടു. ഇതോടെ ഇവരെ പിൻതുടർന്ന് എത്തി. കാർ ഇവർ ആശുപത്രി വളപ്പിൽ തന്നെ ഇട്ടിരിക്കുന്നത് കണ്ട ആഷിക്ക്, നിരീക്ഷിക്കുന്നതിനായി മറ്റു രണ്ടു പ്രതികളെ ആശുപത്രിയ്ക്കുള്ളിലേയ്ക്കു അയച്ചു. ഇവർ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം ഡോക്ടറുടെ പേര് അടക്കമുള്ള കാര്യങ്ങൾ ആഷിക്കിനെ ധരിപ്പിച്ചു.
തുടർന്ന് ഇരുവരോടും ആശുപത്രിയ്ക്കു പുറത്തേയ്ക്കു ഇറങ്ങി നിൽക്കാൻ ആഷിക്ക് നിർദേശിച്ചു. ഇത് അനുസരിച്ച് രണ്ടു പ്രതികളും ആശുപത്രിയുടെ കവാടത്തിനു പുറത്തേയ്ക്ക് ഇറങ്ങി നിന്നു. പിന്നാലെ, പുറത്തിറങ്ങിയ ആഷിക്ക് ഭാര്യയായ സുമിയെയും കൂട്ടി കാർ സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും തട്ടിയെടുത്തു. തുടർന്നു, ഇവിടെ നിന്നു നാലു പ്രതികളും കൂടി നേരെ കെകെ റോഡ് വഴി മണർകാട് എത്തി. ഇവിടെ നിന്നും നേരെ എറണാകുളത്തേയ്ക്കു തിരിക്കുകയായിരുന്നു.
എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് പ്രതികൾ പൊലീസിന്റെ വാഹന പരിശോധന കണ്ടത്. ഇതോടെ പദ്ധതി മാറ്റിയ സംഘം, വാഹനം നേരെ തിരിച്ചു വിടുകയായിരുന്നു. മറ്റൊരു വഴിയിലൂടെ കയറിയ സംഘം വാഹനം നേരെ മൂന്നാറിന് തിരിച്ചു വിട്ടു. ഇതിനിടെ പ്രതികളെ തിരിച്ചറിഞ്ഞ വെസ്റ്റ് പൊലീസ് ഇവർക്കായി കുരുക്ക് മുറുക്കിയിരുന്നു. പ്രതികളുടെ മൊബൈൽ നമ്പർ അടക്കം തിരിച്ചറിഞ്ഞ ശേഷം ഇവർ മൂന്നാർ – മാട്ടുപ്പെട്ടി റോഡിലുണ്ട് എന്നു പൊലീസ് സംഘം കണ്ടെത്തി. തുടർന്ന് ഇവരെ തന്ത്രപരമായി കുടുക്കുകയായിരുന്നു.
മൂന്നാറിൽ എത്തിയ ശേഷം ഇവിടെ ഹോം സ്‌റ്റേയിൽ താമസിക്കുകയായിരുന്നു പ്രതികൾ. ഇവിടെ നിന്നും തമിഴ്‌നാട്ടിലേയ്ക്കു കടക്കാനും, ഇവിടെ എത്തിയ ശേഷം ജോലി നോക്കുന്നതിനുമായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.