
നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വിഡി സതീശന് താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് അറിയിച്ചത്. വിഡി സതീശന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഇന്ന്. മാധ്യമങ്ങളെ അകത്തേക്ക് കയറ്റി വിടരുതെന്ന് പൊലീസിന് നിര്‍ദേശവും നല്കി. അതേസമയം സ്വകാര്യ വാഹനങ്ങള്‍ അകത്തേക്ക് കയറ്റി വിടുന്നുണ്ട്. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലെ മാധ്യമ വിലക്കും.
ഇ ഡി പരിശോധനയിലും സംഘര്‍ഷത്തിലും പ്രതികരിക്കാത്ത വി ഡി സതീശന്റെ നിലപാട് വിവാദമാവുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രതികരിക്കാന്‍ വി ഡി സതീശന് തയ്യാറായിട്ടില്ല. 12 തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് കടന്നുപോയത്. ഇ ഡി പരിശോധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.






