അമിത വേഗത്തിൽ പാഞ്ഞെത്തി വീഴ്ത്താൻ നോക്കിയ സ്വകാര്യ ബസിനെ പിന്നാലെ പാഞ്ഞ് പിടി കൂടി ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി

സ്വന്തം ലേഖകൻ

കിഴക്കമ്പലം: ബസിന്റെ മരണപ്പാച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ ഓടിച്ചിട്ട് പിടിച്ചു. യുവതിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാർ മുട്ടു മടക്കി. ജോലി കഴിഞ്ഞ് ടൂവീലറിൽ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടർലായ്ക്കു സമീപം അമിതവേഗത്തിൽ പാഞ്ഞ ബസിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് .

ടൂ വീലറിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയിൽപ്പെടാതെ റോഡരികിലേക്ക് വെട്ടിച്ച് മാറ്റി രക്ഷപ്പെടുകയായിരുന്നു. തല നാരിഴയ്ക്കാണ് മരണത്തിൽ നിന്നും യുവതി കരകയറിയത്. തുടർന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത യുവതി നിർത്താതെ പാഞ്ഞ ബസിനെ പിന്തുടർന്ന് പള്ളിക്കര മാർക്കറ്റ് റോഡിൽ വച്ച് ബസിന്റെ മുന്നിൽ സ്‌കൂട്ടർ വട്ടം നിർത്തി തടഞ്ഞു. യുവതി കാര്യം വിശദീകരിച്ചതോടെ നാട്ടുകാരും യുവതിയോടൊപ്പം ചേർന്ന് ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പഞ്ചായത്തംഗം ടി.വി.ശശിയുടെ സാന്നിധ്യത്തിൽ ഡ്രൈവർ യുവതിയോട് മാപ്പു പറഞ്ഞതോടെ തത്കാലം പൊലീസ് കേസ് വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group