വ്യാജ രേഖയുണ്ടാക്കിയ നിയമനം നടത്തി കോടികൾ സമ്പാദിച്ചു: വിവിധ വകുപ്പുകളിൽ ജോലിയ്ക്കായി നിയമിച്ചത് നൂറുകണക്കിന് ആളുകളെ; പാലായിലെ മുൻ എംപ്ലോയ്‌മെന്റ് ഓഫിസർക്ക് അഴിമതിക്കേസിൽ നാലു വർഷം തടവും പിഴയും

വ്യാജ രേഖയുണ്ടാക്കിയ നിയമനം നടത്തി കോടികൾ സമ്പാദിച്ചു: വിവിധ വകുപ്പുകളിൽ ജോലിയ്ക്കായി നിയമിച്ചത് നൂറുകണക്കിന് ആളുകളെ; പാലായിലെ മുൻ എംപ്ലോയ്‌മെന്റ് ഓഫിസർക്ക് അഴിമതിക്കേസിൽ നാലു വർഷം തടവും പിഴയും

സ്വന്തം ലേഖകൻ
കോട്ടയം: വ്യാജരേഖ ചമച്ച് വിവിധ വകുപ്പുകളിൽ താൽകാലിക ജീവനക്കാരെ നിയമിച്ചത് വഴി കോടികൾ അനധികൃതമായി സമ്പാദിച്ച മുൻ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസർക്ക് തടവും പിഴയും ശിക്ഷ.
പാലാ ടൗൺ മുൻ എംപ്ലോയ്‌മെന്റ് ഓഫിസർ, സംക്രാന്തി എൽ ആൻഡ് ഒ കോട്ടേജിൽ പി.എസ് റഷീദിനെ (61)യാണ് വിജിലൻസ് കോടതി ജഡ്ജി കെ.ജി സനൽകുമാർ ശിക്ഷിച്ചത്. നാലു വർഷം കഠിന തടവും, പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
1997 – 99 ൽ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫിസറായിരിക്കെയാണ് റഷീദ് ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തിയത്. വിവിധ ഓഫിസുകളിൽ പാർട്ടൈം ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല റഷീദിനായിരുന്നു. എന്നാൽ, ഇതിനുള്ള സിലക്ട് ലിസ്റ്റിൽ അർഹതയും, സീനിയോരിറ്റിയുള്ളവരെയും ഒഴിവാക്കിയ ശേഷം ലക്ഷങ്ങൾ കോഴ വാങ്ങി റഷീദ് നിയമിക്കുകയായിരുന്നു.
അർഹതയില്ലാത്തവരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയതു വഴി പാലാ ഓഫിസിന്റെ പരിധിയിൽ നിന്നു മാത്രം റഷീദ് രണ്ടു ലക്ഷത്തോളം രൂപ സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ പാലാ എംപ്ലോയ്‌മെന്റ് ഓഫിസിന്റെ പരിധിയിൽ വരുന്ന മൂന്നു പേരിൽ നിന്നും സ്‌പോട്‌സ് മുൻഗണനയുണ്ടെന്ന വ്യാജരേഖയുണ്ടാക്കി, നിയമനം നടത്തുകയായിരുന്നു.
ഇതു വഴി ഈ കേസിൽ മാത്രം രണ്ടു ലക്ഷത്തോളം രൂപ റഷീദ് ഉണ്ടാക്കിയെടുത്തെന്നായിരുന്നു കണ്ടെത്തൽ. കോട്ടയം വിജിലൻസ് അന്വേഷിച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തുടർന്നാണ് റഷീദിനെതിരെ നടപടിയെടുത്തത്. സർവീസിൽ നിന്നും വിരമിച്ചെങ്കിലും ഈ കേസിൽ ഇനി റഷീദ് തടവിൽ കഴിയേണ്ടി വരും.