
ആലപ്പുഴ: തട്ടാശ്ശേരി ആറ്റുകടവില്‍ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഫിറ്റ് ചെയ്തിരുന്ന 34,000 രൂപ വിലയുള്ള മോട്ടോർ എഞ്ചിൻ മോഷ്ടിച്ച കേസിലെ പ്രതികള്‍ പുളിങ്കുന്ന് പോലിസിന്റെ പിടിയിലായി.
കഴിഞ്ഞ 17ന് രാത്രി തട്ടാശ്ശേരി സ്വദേശി ജോസ് ആന്റണിയുടെ ഉടമസ്തതയിലുളള വള്ളത്തില്‍ നിന്നാണ് മോട്ടോർ എഞ്ചിൻ മോഷണം പോയത്. മോഷ്ടിച്ച മോട്ടോർ എൻജിൻ ആലപ്പുഴ ഭാഗത്തുള്ള കടയില്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
വെളിയനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുന്നംകരി പുല്ലംകൊച്ചിക്കരി ചിറയില്‍ അഖില്‍ മാത്യു, ചങ്ങനാശ്ശേരി പായിപ്പാട് പുഴവത്ത് ചിറയില്‍ പ്രനൂപ്, വെളിയനാട് പുല്ലംകൊച്ചിക്കരി ചിറയില്‍ ബാജിയോ എന്നിവരാണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിങ്കുന്ന് പോലീസ് ഇൻസ്‍പെക്ടർ എ.എല്‍ യേശുദാസിന്റെ നേതൃത്വത്തില്‍ സബ്ബ് ഇൻസ്പെക്ടർമാരായ ബിജുക്കുട്ടൻ, സെബാസ്റ്റ്യൻ ജോസഫ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ സുരാജ്, പ്രതീഷ് കുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ സുമേഷ്, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കൈനടിയില്‍ നിന്ന് അന്നു തന്നെ മറ്റൊരു വളളത്തിന്റെ മോട്ടോർ എഞ്ചിൻ മോഷ്ടിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.