സുരക്ഷാ ആവശ്യങ്ങൾക്കുള്ള ബോട്ടിൽ പൊലീസ് ഉന്നതന്റെയും കുടുംബത്തിന്റെയും വിനോദയാത്ര: സ്പീഡ് ബോർഡിൽ തകർത്ത് യാത്ര ചെയ്തത് തേക്കടി തടാകത്തിൽ

സുരക്ഷാ ആവശ്യങ്ങൾക്കുള്ള ബോട്ടിൽ പൊലീസ് ഉന്നതന്റെയും കുടുംബത്തിന്റെയും വിനോദയാത്ര: സ്പീഡ് ബോർഡിൽ തകർത്ത് യാത്ര ചെയ്തത് തേക്കടി തടാകത്തിൽ

Spread the love

സ്വന്തം ലേഖകൻ

തേക്കടി: പൊലീസിന്റെ സുരക്ഷാ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാനുള്ള സ്പീഡ് ബോട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും വിനോദയാത്ര. പോലീസിന്റെ ആവശ്യങ്ങൾക്കു മാത്രമായി അനുവദിച്ചിരിക്കുന്ന സ്പീഡ് ബോട്ടിലാണ് ഇവർ മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും കണ്ട് തടാകത്തിലൂടെ സഞ്ചരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പോലീസ് അകമ്പടിയോടെയാണു രണ്ടു സ്ത്രീകളുൾപ്പെടെ നാലംഗസംഘം തേക്കടി ബോട്ട് ലാൻഡിങ്ങിലെത്തിയത്. ഇവിടെനിന്നു പോലീസിനു മാത്രം അനുവദിച്ചിട്ടുള്ള സ്പീഡ് ബോട്ടിൽ തടാകത്തിലൂടെ സഞ്ചരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഔദ്യോഗിക വാഹനത്തിൽ യാത്രാ സൗകര്യമൊരുക്കിയത്. അപകടങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാനും അണക്കെട്ടിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കാനും തടാകത്തിൽ അടിയന്തര പരിശോധനകൾ നടത്താനുമാണു പോലീസിനു സ്പീഡ് ബോട്ട് അനുവദിച്ചിരിക്കുന്നത്. ഇതാണു ദുരുപയോഗപ്പെടുത്തിയത്. അണക്കെട്ടിനു സമീപത്തുവരെ ഇവർ സ്പീഡ് ബോട്ടിലെത്തി.
തേക്കടി തടാകത്തിൽ ഉല്ലാസയാത്രകൾക്കു വനം, കെ.ടി.ഡി.സി. വകുപ്പുകളുടെ ബോട്ടുകളുള്ളപ്പോഴാണു പോലീസിന്റെ ബോട്ട് ഇതിനായി ഉപയോഗിച്ചത്. ചട്ടങ്ങളും സുരക്ഷയും ലംഘിച്ചുള്ള യാത്രയ്ക്കെതിരേ തമിഴ്നാട് ക്യൂ ബ്രാഞ്ച് സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തേക്കടി തടാകത്തിലൂടെ മന്ത്രി ഉൾപ്പെടെയുള്ളവർ രാത്രിയിൽ ബോട്ട് യാത്ര നടത്തിയതു വിവാദമായിരുന്നു. ഇതും തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുകയും കോടതിയിൽ തമിഴ്നാട് ഇതുസംബന്ധിച്ചുള്ള രേഖകൾ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വാദമാണു തമിഴ്നാട് കോടതിയിൽ ഉന്നയിച്ചത്. ഇതിനെ മറികടക്കാൻ കേരളം മുല്ലപ്പെരിയാറിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. സുരക്ഷയ്ക്കായി നടപടികളെടുക്കുന്നുണ്ടെന്ന കേരളത്തിന്റെ വാദങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ചട്ടങ്ങൾ ലംഘിച്ചുള്ള ബോട്ട്യാത്ര.