ആലപ്പുഴയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട് രാത്രി ഏഴേകാലിനു കോടിമതയില്‍ എത്തേണ്ട ബോട്ടിലെ യാത്രക്കാര്‍ കരയ്ക്കിറങ്ങിയത് പിറ്റേന്നു പുലര്‍ച്ചെ ; സ്ത്രീകളും കുട്ടികളും അടക്കം 18 യാത്രക്കാരുമായി പോളക്കൂട്ടത്തില്‍പ്പെട്ട് ബോട്ടു കുടുങ്ങിക്കിടന്നത് എട്ടു മണിക്കൂര്‍ ; രക്ഷകരായി അഗ്നിശമനസേന
സ്വന്തം ലേഖകൻ
കോട്ടയം: ആലപ്പുഴ – കോട്ടയം സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് 18 യാത്രക്കാരുമായി പോളക്കൂട്ടത്തില്‍പ്പെട്ട് ബോട്ടു കുടുങ്ങിക്കിടന്നത് എട്ടു മണിക്കൂര്‍. വിഷുത്തലേന്നു രാത്രിയിലാണു സംഭവം. വേമ്പനാട്ടു കായലില്‍ നിന്നു കോടിമതയിലേക്കു വരവേ വെട്ടിക്കാട് ഭാഗത്താണു ബോട്ട് കുടുങ്ങിയത്. ആലപ്പുഴയില്‍ നിന്നു വൈകിട്ട് അഞ്ചിനു പുറപ്പെട്ട് രാത്രി ഏഴേകാലിനു കോടിമതയില്‍ എത്തേണ്ട ബോട്ടിലെ യാത്രക്കാര്‍ കരയ്ക്കിറങ്ങിയതു പിറ്റേന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇത്രയും സമയം ആശങ്കയോടെ ബോട്ടില്‍ കഴിഞ്ഞത്. ഇതിനിടെയുണ്ടായ ശക്തമായ കാറ്റും മഴയും ആശങ്ക വര്‍ധിപ്പിച്ചു. പലയിടങ്ങളിലും പോള ശല്യമുണ്ടായിരുന്നുവങ്കിലും വെട്ടിക്കാട് എത്തിയപ്പോള്‍ പോള പ്രൊപ്പല്ലറില്‍ ഉള്‍പ്പെടെ കുടുങ്ങി ബോട്ട് നിശ്ചലമാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടിമത ബോട്ട് ജെട്ടിയിലേക്കു 25 മിനിറ്റ് യാത്ര അവശേഷിക്കേയായിരുന്നു സംഭവം. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ ജീവനക്കാര്‍ ഇറങ്ങി പോള നീക്കി യാത്ര തുടരുകയാണു പതിവ്. എന്നാല്‍, ജീവനക്കാരുടെ ശ്രമം വിജയിക്കാതെ വന്നതോടെ വിവരം ജലഗതാഗത വകുപ്പിന്റെ ഓഫീസില്‍ അറിയിച്ചു. ബോട്ട് ചാലില്‍ നിന്നു മാറിയതും തിരിച്ചടിയായി.
രാത്രി 11.50നാണു വിവരം അഗ്നിശമനസേനയെ അറിയിച്ചത്. തുടര്‍ന്നു സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍ രാജന്റെ നേതൃത്വത്തില്‍ സ്‌കൂബ ടീം പ്രൊപ്പലറില്‍ നിന്നു പോള മാറ്റി. തുടര്‍ന്നു കയര്‍ കെട്ടി ബോട്ട് ചാലില്‍ എത്തിച്ച് അവിടെ നിന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് വെട്ടിക്കാട് കരയിലെത്തിച്ചാണു യാത്രക്കാരെ ഇറക്കിയത്. ബോട്ട് നേരം പുലര്‍ന്ന ശേഷമാണു കോടിമതയില്‍ എത്തിച്ചത്.
മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ യാത്രക്കാര്‍ ക്ഷീണിതരായിരുന്നു. ബോട്ട് കായലില്‍ കുടുങ്ങിയെന്ന വാര്‍ത്ത പരന്നതോടെ യാത്രക്കാരുടെ ബന്ധുക്കള്‍ പരിഭ്രാന്തരാകുകയു ചെയ്തത് ആശങ്കയ്ക്കു കാരണമായി. കലക്ടര്‍ വി.വിഘ്‌നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികും സംഭവസ്ഥലത്ത് എത്തിയിരുന്നു. തണ്ണീര്‍മുക്കം ബണ്ട് തുറന്നതിനാല്‍ കായലിലുണ്ടായ മാറ്റങ്ങളും വൈകിട്ടുണ്ടായ ശക്തമായ കാറ്റും മഴയും യാത്രയെയും രക്ഷാപ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചതായി കോടിമത സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.