മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം ; സുഹൃത്തിന്റെ കുത്തേറ്റ് പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
കാക്കനാട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്പിള്ളിപ്പറമ്പ് തുണ്ടിപറമ്പില്‍ ജോയിയുടെ മകന്‍ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തും അയല്‍വാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ (31) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
വിഷു ദിവസം രാത്രി മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഞായറാഴ്ച രാത്രി പത്തരയോടെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു മനു. ഈ സമയം ജസ്റ്റിന്‍ വരുകയും സുഹൃത്തുക്കളോട് സദാചാര വിരുദ്ധമായി സംസാരിക്കുകയും ചെയ്തു. ഇതു വിലക്കിയ മനു തര്‍ക്കത്തിനിടെ ജസ്റ്റിന്റെ മുഖത്തടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പ്രകോപിതനായ ജസ്റ്റിന്‍ സമീപത്തുള്ള വീട്ടില്‍ പോയി മൂര്‍ച്ചയുള്ള ആയുധം എടുത്ത് മനുവിന്റെ വീടിനു സമീപമെത്തി മാമ്പിള്ളിപ്പറമ്പ് റോഡില്‍നിന്നു വെല്ലുവിളിച്ചു. ഇതുകേട്ട് ഇറങ്ങിച്ചെന്ന മനുവിനെ ജസ്റ്റിന്‍ നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തുക്കള്‍ മനുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സോണിയ. സഹോദരി: സിനി. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.