
തിരുവനന്തപുരം: എസ്‌എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെന്ന് പൊലീസ്.
തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിസിടിവി, പൊലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടം മുറിക്കാന്‍ കൊണ്ടുവന്ന ബ്ലേഡുകളാണെന്നാണ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവർത്തകൻ അല്‍അമീനെ പൊലീസ് പിടികൂടി. കാട്ടാക്കടയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൻ്റോണ്‍മെന്റ് പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പൊലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കും. ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബ്ലേഡില്‍ അന്വേഷണം വേണമെന്ന് ഇന്നലെ എസ്‌എഫ്‌ഐയും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നായിരുന്നു എസ്‌എഫ്‌ഐ പരാതിയില്‍ പറഞ്ഞിരുന്നത്.
‘ആരോപണം വസ്തുതാപരമാണോ എന്നന്വേഷിക്കണം. സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമവും അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങള്‍, പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കണം. പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ വകുപ്പുതലനടപടി വേണം’, എന്നായിരുന്നു എസ്‌എഫ്‌ഐ ആവശ്യപ്പെട്ടത്.
സമരക്കാര്‍ ബ്ലേഡ് കൊണ്ടുവന്നു എന്ന ആരോപണം തെറ്റാണെന്നായിരുന്നു എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്‍ പ്രതികരിച്ചത്.
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി പൊലീസും എസ്‌എഫ്‌ഐയും രംഗത്തെത്തിയിരുന്നു. മാര്‍ച്ചിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസും തങ്ങളെയാണ് ബ്ലേഡ് കൊണ്ട് പൊലീസ് ആക്രമിച്ചതെന്ന് എസ്‌എഫ്‌ഐയും ആരോപിച്ചു. ഇതിന് തെളിവായി സംഭവസ്ഥലത്തുനിന്നും ലഭിച്ച ബ്ലേഡുകളുടെ ചിത്രം പുറത്തു വിട്ടിരുന്നു.
ഐഎച്ച്‌ആര്‍ഡി ഫീസ് വര്‍ധനയ്‌ക്കെതിരെ എസ്‌എഫ്‌ഐ സംഘടിപ്പിച്ച സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.







