play-sharp-fill
രാഹുൽ ഈശ്വർ പത്തനംതിട്ടയിൽ അയ്യപ്പന്റെ സ്ഥാനാർത്ഥി: ഞെട്ടിവിറച്ച് ബിജെപി

രാഹുൽ ഈശ്വർ പത്തനംതിട്ടയിൽ അയ്യപ്പന്റെ സ്ഥാനാർത്ഥി: ഞെട്ടിവിറച്ച് ബിജെപി

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ 20 പാർലമെന്റ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മൂന്നു മുന്നണികളെയും വെല്ലുവിളിക്കാൻ ശബരിമല സംരക്ഷണ സമിതി. ശബരിമലയെ രക്ഷിക്കാൻ ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ശബരിമല സംരക്ഷണ സമിതിയുടെയും ഇരുപതോളം ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ തയ്യാറെടുക്കുന്നത്. ഇവർ ലക്ഷ്യമിടുന്ന രീതിയിൽ കാര്യങ്ങൾ നടന്നാൽ വൻ തിരിച്ചടിയാകും കേരളത്തിൽ ബിജെപിയെ കാത്തിരിക്കുന്നത്.
പത്തനംതിട്ട നിയോജക മണ്ഡലത്തിൽ രാഹുൽ ഈശ്വറിനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിന് അടക്കമുള്ള വമ്പൻ പദ്ധതിയാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കർമ്മ സമിതിയുടെ യോഗത്തിൽ ഇതു സംബന്ധിച്ചു ചർച്ചയായി. തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേരുന്ന യോഗത്തിൽ വിഷയം അവതരിപ്പിക്കാനും, നീതി ലഭിച്ചില്ലെങ്കിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശക്തമായി മുന്നോട്ടു പോകുന്നതിനുമാണ് പദ്ധതി.
ശബരിമല സമരം മൂന്നു മാസം പിന്നിട്ടിട്ടും ഒരു രാഷ്ട്രീയ പാർട്ടികളിൽ നിന്നോ സർക്കാരിൽ നിന്നോ അയ്യപ്പഭക്തർക്ക് കാര്യമായ സഹായം ലഭിക്കുന്നില്ലെന്നാണ് അയ്യപ്പഭക്തർ പ്രതികരിക്കുന്നത്. ആചാരം ലംഘിച്ചും സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സർക്കാർ ആദ്യം മുതൽ തന്നെ പ്രഖ്യാപച്ചിട്ടുണ്ട്. സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും നിലപാടും ഇത് തന്നെയാണ്. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പിന്നീട് നിലപാട് മാറ്റി സമരത്തിൽ നിന്നു പിൻമാറി. ആദ്യം മുതൽ അവസാനം വരെ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച ബിജെപി സന്നിധാനത്തെ സമരത്തിൽ നിന്നു പിന്മാറുകയും സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് സമരം മാറ്റുകയും ചെയ്തു. ഇത്തരത്തിൽ അയ്യപ്പൻമാരായ തങ്ങൾ വഞ്ചനയ്ക്ക് ഇരയായെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
ഇതേ തുടർന്നാണ് ശബരിമല ധർമ്മ പരിഷത്ത്, അയ്യപ്പ സംരക്ഷണ സമിതി, അഖിലേന്ത്യാ ഹിന്ദു പരിഷത്ത് എന്നിവ അടക്കമുള്ള ഇരുപത്തഞ്ചോളം സംഘടനകൾ ചേർന്ന് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. പ്രത്യക്ഷതത്തിൽ സംഘപരിവാറുമായി ഒരു ബന്ധവുമില്ലാത്ത സംഘടനകളാണ് ഇപ്പോൾ മത്സരത്തിനൊരുങ്ങുന്നത്. എന്നാൽ, മത്സരത്തിനിറങ്ങി തിരിച്ചടി നേരിട്ടാൽ തങ്ങൾക്ക് ആളില്ലെന്ന തോന്നലുണ്ടാകുമെന്നും അതുകൊണ്ട് മത്സരിക്കരുതെന്നുള്ള വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഡിസംബർ അവസാനത്തോടെ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും.