play-sharp-fill
ശബരിമലയെച്ചൊല്ലി ബിജെപിയിൽ പ്രളയം..! പ്രളയത്തിൽ കേരളത്തിലെ ബിജെപി മുങ്ങിത്താഴുന്നു; നിരാഹാര സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച് ശോഭാ സുരേന്ദ്രൻ:  അമിത് ഷാ കേരളത്തെ ഒഴിവാക്കിയതിനു കാരണവും വ്യക്തമാകുന്നു

ശബരിമലയെച്ചൊല്ലി ബിജെപിയിൽ പ്രളയം..! പ്രളയത്തിൽ കേരളത്തിലെ ബിജെപി മുങ്ങിത്താഴുന്നു; നിരാഹാര സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച് ശോഭാ സുരേന്ദ്രൻ: അമിത് ഷാ കേരളത്തെ ഒഴിവാക്കിയതിനു കാരണവും വ്യക്തമാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പൊട്ടിത്തെറിയും പ്രളയവും. സമരം വൻ പരാജയമായതോടെയാണ് കേരള ബിജെപി നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സമരത്തെ എതിർത്ത് ഒരു വിഭാഗം രംഗത്ത് എത്തുക കൂടി ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇത് വരെ 10 ഡസൺ പരാതികളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് ശബരിമല വിഷയത്തിൽ മാത്രം ലഭിച്ചിരിക്കുന്നത്. ശബരിമലയിലെ രണ്ടാം ഘട്ട സമരത്തിന് നേതൃത്വം നൽകാൻ അമിത് ഷാ കേരളത്തിലേയ്ക്കു നേരിട്ട് എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. എന്നാൽ, കേരളത്തിലെ നേതൃത്വം കൂട്ട അടിയിലായതോടെയാണ് അമിത് ഷാ കേരളത്തെ കൈ ഒഴിഞ്ഞിരിക്കുന്നത്. പിന്നീട്, അടി നിയന്ത്രിക്കാനാവാതെ വന്നതോടെ മറ്റ് കേന്ദ്ര നേതാക്കളോടും വിഷയത്തിൽ ഇടപെടേണ്ടെന്ന നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല വിഷയത്തിൽ ആദ്യം കേന്ദ്ര നേതൃത്വത്തിനു പരാതി അയച്ചത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പിൻതുണയ്ക്കുന്ന വിഭാഗമായിരുന്നു. സുരേന്ദ്രൻ ദിവസങ്ങളോളം ജയിലിൽ കിടന്നിട്ടും ബിജെപിയിലെ ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ആദ്യത്തെ പരാതി. ഇതിനു മറുപടിയായി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധർപിള്ള നേതൃത്വം നൽകുന്ന വിഭാഗം സുരേന്ദ്രന് എതിരെ പരാതി നൽകി. ബിജെപി നേതാക്കൾ ആരും തന്നെ ശബരിമലയിലേയ്ക്ക് പോകേണ്ടെന്ന നിർദേശം ലംഘിച്ച് സുരേന്ദ്രൻ സന്നിധാനത്തേയ്ക്ക് പോകുകയായിരുന്നു എന്നതായിരുന്നു ശ്രീധർപിള്ള പക്ഷത്തിന്റെ പരാതി. ഈ പരാതിയ്ക്കു പിന്നാലെയാണ് സുരേന്ദ്രൻ വിഭാഗം ശ്രീധരൻപിള്ളയ്‌ക്കെതിരെ മറ്റൊരു പരാതി അയച്ചത്. സിപിഎമ്മുമായി ധാരണയിൽ എത്തി ശബരിമല സമരം സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് മാറ്റിയതിനു പിന്നിൽ ഗൂഡാലോചയുണ്ടെന്ന പരാതിയുമായാണ് എതിർവിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
ഇതിനിടെ പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ശോഭാ സുരേന്ദ്രൻ പക്ഷവും, മുൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ദാസ് പക്ഷവും വി.മുരളീധരൻ പക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ അ്യ്യപ്പഭക്തൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ പാർട്ടിയുമായി ആലോചിക്കാതെ എം.ടി രമേശ് ഹർത്താൽ പ്രഖ്യാപിച്ചത് ബിജെപിയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് രമേശിനെതിരെ എല്ലാ വിഭാഗങ്ങളും കൂട്ടായി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ രമേശിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി മെഡിക്കൽ കോഴ ആരോപണം ഉയർത്തിക്കൊണ്ടു വന്ന് രമേശിന്റെ സ്ഥാനം ബിജെപിയിലെ തന്നെ ഒരു വിഭാഗം തെറിപ്പിച്ചത്. ഇതിനിടെയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ തല പൊക്കിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ സമരം നടക്കുന്നതിനിടെ പാർട്ടിയിൽ അഴിച്ചു പണിയുണ്ടായാൽ ഇത് ദേശീയ നേതൃത്വത്തിനും ക്ഷീണം ചെയ്യും. അതുകൊണ്ടു തന്നെയാണ് പാർട്ടി നേതൃത്വത്തിൽ വൻ അഴിച്ചു പണി നടത്താത്തെന്നാണ് ദേശീയ നേതൃത്വത്തിലെ പ്രമുഖ നേതാവ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഇതിനിടെ നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കണമെന്നും, നിരാഹാരം ഇരിക്കണമെന്നുമുള്ള പാർട്ടി നിർദേശം സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ തള്ളിക്കളഞ്ഞു. കുമ്മനം രാജശേഖരൻ പോയതിനു ശേഷം കേരളത്തിലെ ബിജെപിയിൽ കൂട്ട പ്രശ്‌നങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങൾ.