video
play-sharp-fill
ബിജെപി പ്രവർത്തകന്റെ കാൽപാദം വെട്ടിയെടുത്തു: പൊൻകുന്നത്ത് വൻ സംഘർഷം; പിന്നിൽ സിപിഎം എന്ന് സൂചന; ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ

ബിജെപി പ്രവർത്തകന്റെ കാൽപാദം വെട്ടിയെടുത്തു: പൊൻകുന്നത്ത് വൻ സംഘർഷം; പിന്നിൽ സിപിഎം എന്ന് സൂചന; ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ

സ്വന്തം ലേഖകൻ

പൊൻകുന്നം: ചിറക്കടവിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് ശാരീരിക് പ്രമുഖ് രമേശിനെ (37) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പ്രവർത്തകരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചിറക്കടവിലായിരുന്നു സംഭവം. ഗൃഹസന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആർ.എസ്.എസ് പ്രവർത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രമേശിന്റെ കാൽപാദം അറ്റു തൂങ്ങി. രണ്ടു കൈകൾക്കും ഒടിവുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആശുപത്രിയിൽ എത്തി.
അക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ നടത്തുമെന്നു ബിജെപി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പൊൻകുന്നം തെക്കേത്ത് കവലയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടുമുറ്റത്തു കിടന്നിരുന്ന കാർ ഒരു സംഘം അടിച്ചു തകർത്തിരുന്നു. തലേന്ന് ആർ.എസ്.എസ് പ്രവർത്തകർക്കു മർദനമേറ്റതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച കാർ അടിച്ചു തകർത്തതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയായാവാം ആർ.എസ്.എസ് പ്രവർത്തകർക്കു നേരെ ഉണ്ടായ അക്രമമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.