ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ; സെമിത്തേരി ബില്ലുമായി പിണറായി സർക്കാർ: ബിൽ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ; സെമിത്തേരി ബില്ലുമായി പിണറായി സർക്കാർ: ബിൽ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് സഭകൾ തമ്മിലുളള തർക്കം സെമിത്തേരി ബില്ലുമായി പിണറായി സർക്കാർ. സെമിത്തേരി ബില്ലിൻമേലുള്ള സബ്ജക്റ്റ് കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

മറ്റ് ക്രിസ്ത്യൻ സഭകളുടെ എതിർപ്പിനെ തുടർന്ന് ബില്ല് യാക്കോബായ-ഓർത്തഡോക്സ് സഭകൾക്ക് മാത്രമായി ചുരുക്കി. സെമിത്തേരി ബിൽ് എല്ലാ സഭകൾക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സെമിത്തേരി ബില്ലുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.
പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങൾക്ക് കുടുംബകല്ലറയുളള സെമിത്തേരിയിൽ തന്നെ മൃതദേഹം അടക്കം ചെയ്യാൻ അനുമതി നൽകുന്നതാണ് ബിൽ. എന്നാൽ പുതിയ ബിൽ യാക്കോബായ സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സർക്കാരിന്റെ ആസൂത്രിത നീക്കമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.

നിലവിലെ ബിൽ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കുറ്റപ്പെടുത്തി.’ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്യണമായിരുന്നു. നിയമത്തെ പൊതുവേ എതിർക്കുന്നില്ല. പക്ഷേ, ഉയർന്നു വന്ന ആശങ്കകൾ പരിഗണിക്കണം. നിയമം തർക്കമുളള വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണം. കേരളത്തിന്റെ മുഴുവൻ ക്രൈസ്തവ സഭകളെയും ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രതിപക്ഷം എതിർക്കുന്നു’, എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാൽ തർക്കമില്ലാത്ത സഭകൾക്ക് ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. ‘പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയാണ്. സഭാ തർക്കം പരിഹരിച്ചതാണ്. സുപ്രീം കോടതി വിധി നടപ്പാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ സബ്ജക്റ്റ് കമ്മിറ്റി പരിഹരിക്കും’, എന്ന് നിയമമന്ത്രി എ കെ ബാലൻ പറഞ്ഞു.

ശവമടക്കുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് – യാക്കോബായ തർക്കം സംഘർഷത്തിലേക്ക് കടന്നതോടെയാണ് ബില്ല് കൊണ്ടുവരുന്നത്. ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.