ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിവയ്ക്കുന്ന വിദ്യ; വാഹന പരിശോധനയിൽ നിന്ന് രക്ഷപെടാൻ ടിക് ടോക്കിൽ അപ്ലോഡ് ചെയ്ത് വൈറലാക്കിയ യുവാവിനെത്തേടിയെത്തിയത് മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
ആലപ്പുഴ: വാഹന പരിശോധനയിൽ നിന്ന് രക്ഷപെടാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിവയ്ക്കുന്ന വിദ്യ ടിക് ടോക്കിൽ അപ് ലോഡ് ചെയ്തു വൈറലാക്കിയ യുവാവിനെത്തേടിയെത്തിയത് മോട്ടോർ വാഹന വകുപ്പ്. യുവാവ് ടിക് ടോക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിലധികം ആൾക്കാർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ബോക്കിന്റെ ആർസി ഉടമയെ അന്വേഷിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇത് മറ്റൊരാൾക്ക് വിറ്റതായി കണ്ടെത്തി. എന്നാൽ ഇതുവരെ പുതിയ ഉടമയുടെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്തിരുന്നില്ല. ആര്യാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത യുവാവാണ് ബൈക്ക് വാങ്ങി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്രെയിമിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യാട് സ്വദേശിയായ ആർസി ഉടമയ്ക്കും ബൈക്ക് വാങ്ങിയ യുവാവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ബൈക്ക് ഓടിക്കുന്നയാളിനൊപ്പം പിൻസീറ്റിൽ ഇരിക്കുന്നവർക്ക് കൈകൊണ്ട് നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാൻ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. വാഹന പരിശോധനകളെ മറികടക്കാനാണ് നമ്പർ പ്ലേറ്റിനു മാറ്റം വരുത്തിയതെന്ന് യുവാവ് മോട്ടോർ വാഹന ഉദ്യോഗസ്ഥരോട് പറഞ്ഞു.