ബിഗ് ബസാറിന്റെ പാർക്കിംഗ് തട്ടിപ്പ്: എം.സി റോഡിലെ ഫുട്പാത്തിൽ പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു; നടപടി ശക്തമാക്കി പൊലീസ്; പാർക്കിംഗിനുള്ള തുക തിരികെ നൽകുമെന്നും ബിഗ് ബസാറിന്റെ ബോർഡ്

ബിഗ് ബസാറിന്റെ പാർക്കിംഗ് തട്ടിപ്പ്: എം.സി റോഡിലെ ഫുട്പാത്തിൽ പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു; നടപടി ശക്തമാക്കി പൊലീസ്; പാർക്കിംഗിനുള്ള തുക തിരികെ നൽകുമെന്നും ബിഗ് ബസാറിന്റെ ബോർഡ്

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിലെ പാർക്കിംഗ് തട്ടിപ്പിൽ പൊലീസ് നടപടി തുടങ്ങി. എം.സി റോഡിലെ ഫുട്പാത്ത് വരെ കയ്യേറി ബിഗ് ബസാർ അധികൃതർ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതായി തേർഡ് ഐ ന്യൂസ് ലൈവാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്നു എം.സി റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നു പൊലീസ് പിഴ ഈടാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ബിഗ് ബസാറിനു മുന്നിലെ ഫുട്പാത്തിൽ പൊലീസ് നോ പാർക്കിംഗ് ബോർഡ് കൂടി സ്ഥാപിച്ചതോടെ നടപടികൾ പൂർത്തിയായി.
കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ച ബിഗ് ബസാർ എം.സി റോഡിൽ കോഴിച്ചന്ത മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ ആറു നില കെട്ടിടം നിർമ്മിച്ച് ഇവിടെ ബിഗ് ബസാർ പ്രവർത്തനം ആരംഭിച്ചതോടെയാണ് എം.സി റോഡിന്റെ കഷ്ടകാലവും തുടങ്ങിയത്. ഇവിടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ നാട്ടുകാരും പരാതിയുമായി രംഗത്ത് എത്തി. ഇതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ബസാറിനു മുന്നിലെ കുരുക്ക് സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്നു പ്രശ്നത്തിൽ ഇടപെട്ട പൊലീസ് അനധികൃത പാർക്കിംഗിനെതിരെ നടപടിയും സ്വീകരിച്ചു.
ഇതിനിടെ നഗരസഭയുടെ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് പാർക്കിംഗ് ഫീസായ 30 രൂപ തിരികെ നൽകുമെന്ന ബിഗ് ബസാറിന്റെ വാഗ്ദാനം തട്ടിപ്പാണെന്നും വ്യക്തമായി. ആയിരം രൂപയിൽ കൂടുതൽ തുകയ്ക്കു സാധനങ്ങൾ വാങ്ങുമ്പോൾ മാത്രമാണ് പാർക്കിംഗ് ഫീസ് തിരികെ നൽകുന്നത്. ഇതു സംബന്ധിച്ച് ഓഡിയോ സന്ദേശവും വാട്സ്അപ്പിൽ പ്രചരിച്ചിരുന്നു. നഗരസഭയുടെ അനുമതിയോടെ നടക്കുന്ന ബിഗ് ബസാറിന്റെ തട്ടിപ്പിനെതിരെ പക്ഷേ, പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും രംഗത്ത് എത്തിയിട്ടുമില്ല.