ഭാരത് ആശുപത്രി കെട്ടിടം നിർമ്മിച്ചിരിക്കുന്നത് കെട്ടിട നിർമ്മാണച്ചട്ടങ്ങൾ എല്ലാം ലംഘിച്ച്; രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൽ കോടികൾ വാരിയെറിഞ്ഞ് എല്ലാം സ്വന്തമാക്കി; മൂന്ന് നിലകെട്ടിടത്തിന്റെ അനുമതിയിൽ കെട്ടിപ്പൊക്കിയത് ബഹുനില; ചോദിക്കാനും പറയാനും ആരുമില്ലാത്ത അഹങ്കാരത്തിൽ ഭാരത് ഗ്രൂപ്പ് വാരിയെറിഞ്ഞത് കോടികൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാശിന്റെയും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിന്റെയും മറവിൽ കോടികൾ വാരിയെറിഞ്ഞ് ഭാരത് ആശുപത്രി ഗ്രൂപ്പ് കോട്ടയം നഗരമധ്യത്തിൽ നടത്തുന്നത് നഗ്നമായ നിയമലംഘനം. കോട്ടയം നഗരമധ്യത്തിൽ യാതൊരു വിധത്തിലും അനുവാദം ലഭിക്കാൻ യോഗ്യമല്ലാത്ത ഒരു കെട്ടിടം കെട്ടിപ്പൊക്കിയ ഭാരത് ഗ്രൂപ്പ് വെല്ലുവിളിക്കുന്നത് കോട്ടയം നഗരത്തിലെ സാധാരണക്കാരായ ജനങ്ങളെയാണ്.
തിരുനക്കര ആസാദ് ലെയിനിലാണ് ഭാരത് ആശുപത്രി പ്രവർത്തിക്കുന്നത്. കേരള മുനിസിപ്പൽ ബിൽഡിംങ് ആക്ട് വന്നതിനു ശേഷമുള്ള കെട്ടിട നിർമ്മാണച്ചട്ടത്തിന് വിരുദ്ധമായാണ് ഭാരത് ആശുപത്രിയുടെ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്നു ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്. നിയമാനുസൃതം ആവശ്യമുള്ള സെറ്റ് ബാക്ക് പോലും ഇടാതെയാണ് ആശുപത്രിയുടെ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ആശുപത്രിയിലേയ്ക്കുള്ള വഴിയ്ക്ക് കഷ്ടിച്ച് നാലു മീറ്റർ മാത്രമാണ് വീതി. റോഡിന് അഞ്ചു മീറ്റർ എങ്കിലും വീതി വേണമെന്നിരിക്കെയാണ് ആശുപത്രിയിലേയ്ക്കുള്ള റോഡിന് കഷ്ടിച്ച് നാലു മീറ്ററിൽ താഴെ മാത്രം വീതിയുള്ളത്. ആശുപത്രികൾ അടക്കം എല്ലാ ബഹുനില കെട്ടിടങ്ങളുടെയും നാലു വശത്തും ഫയർ എൻജിൻ കടന്നു പോകാൻ സ്ഥലമുണ്ടെങ്കിൽ മാത്രമേ അനുവാദം കൊടുക്കാവൂ എന്നാണ്. എന്നാൽ, ഇവിടെ ഫയർ എൻജിന് പോയിട്ട് ഒരു കാറിനു പോലും കടന്നു പോകാനുള്ള വീതിയില്ല.
ഇത് അടക്കമുള്ള പരസ്യ നിയമലംഘനങ്ങൾ നടത്തിയ ആശുപത്രി വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ സേവനം എന്ന രീതിയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാൽ, ആശുപത്രി നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്താണ് എന്നു കോട്ടയത്തുകാർക്ക് വ്യക്തമായി അറിയാം. ഈ സാഹചര്യത്തിലാണ് ഭാരത് ആശുപത്രി ഗ്രൂപ്പ് നടത്തുന്ന നിയമലംഘനങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നത്. ആശുപത്രിയുടെ അടിയിലുള്ള പാർക്കിംങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യണമെങ്കിൽ മരണക്കിണറ്റിലേക്ക് വാഹനം ഓടിച്ചിറക്കുന്ന അവസ്ഥയാണ്.ഇത്തരത്തിലുള്ള നിരവധി നഗ്നമായ നിയമ ലംഘനങ്ങൾ നടത്തിയാണ് ഭാരത് കെട്ടി പൊക്കിയത്
ഇതു സംബന്ധിച്ചുള്ള കൂടുതൽ നിർണ്ണായകമായ തെളിവുകൾ വരും ദിവസങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടും.