
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ.
പുറത്തിറക്കിയ ധവള പത്രത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും സമിതിയുടെ ചില സുപ്രധാന ശുപാർശകളുമുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ (PSEs) സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളർച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നാണ് സമിതിയുടെ ശുപാർശകളില്‍ പ്രധാനപ്പെട്ട ഒന്ന്.
പ്രധാന നിർദേശങ്ങള്‍:
1. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിഷ്കരണം
* കെഎസ്ഇബി പോലുള്ള പ്രധാന പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം.
* സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിലനിർത്തേണ്ടതുണ്ടെങ്കിലും പ്രവർത്തനക്ഷമതയില്ലായ്മയും സാമ്പത്തിക ദുരുപയോഗവും അതിന്റെ പേരില്‍ ന്യായീകരിക്കരുത്.
* സബ്സിഡികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം അർഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് (Direct Benefit Transfer) നല്‍കണം.
2. പൊതുസേവനങ്ങള്‍ക്ക് പൂർണ സബ്സിഡി
* ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവ് തിരിച്ചുപിടിക്കാൻ കഴിയാത്ത പൊതുപ്രയോജന സേവനങ്ങള്‍ക്ക് സർക്കാർ പൂർണ സബ്സിഡി നല്‍കണം.
3. വൈദ്യുതി ഉല്പാദന ശേഷി വർധിപ്പിക്കുക
* AI, ഡാറ്റാ സെന്ററുകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ ഭാവി വ്യവസായങ്ങള്‍ക്ക് വലിയ തോതില്‍ വൈദ്യുതി ആവശ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

* സൗരോർജം, ജലവൈദ്യുതി, ആണവോർജം എന്നിവയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വൈദ്യുതി വിതരണ-സംഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം.
4. ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കുക
* ലാഭത്തിലുള്ള ബെവ്കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ഒരൊറ്റ കോർപ്പറേഷനായി ലയിപ്പിക്കണം.
* ഇതിലൂടെ ബെവ്കോയുടെ ലാഭം ഉപയോഗിച്ച് സപ്ലൈകോയുടെ നഷ്ടം നികത്താനും നികുതി ഭാരം കുറയ്ക്കാനും കഴിയും.
5. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ പുനഃസംഘടന
* തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണം, ഓഹരി വിറ്റഴിക്കല്‍, അല്ലെങ്കില്‍ അടച്ചുപൂട്ടല്‍ എന്നിവ പരിഗണിക്കണം.
* ജീവനക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കണം.
* ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതല്‍ ഉല്പാദനക്ഷമമായ മേഖലകളിലേക്ക് മാറ്റി വിനിയോഗിക്കണം.
6. കൃത്യമായ ഓഡിറ്റ്
* എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണം.







