ഒന്നരവയസ്സുകാരനെ അതിക്രൂരമായി മർദിച്ച കേസ് ;ഒളിവിൽ കഴിഞ്ഞിരുന്ന അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ ; പരിക്കേറ്റ കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ അതിക്രൂരമായി മർദിച്ച കേസില്‍ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കുഞ്ഞിനെ മർദിച്ച അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. പരിക്കേറ്റ കുഞ്ഞ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെയാണ് ദേഹമാസകലം മർദ്ദനമേറ്റ പാടുകളും ഇടത് കൈ ചലിപ്പിക്കാനാകാത്ത നിലയിലും കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് അച്ഛൻ താമസിക്കുന്ന കുത്തിയതോട് ഉള്ള വീട്ടിലെത്തിച്ചത്. കുട്ടിയുടെ കരച്ചിലും കൈയിൽ നീര് വെക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ രാത്രിയിൽ തുറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ചൂരല് കൊണ്ട് അടിയേറ്റ പാടുകളും ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലുള്ളതായും കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കുട്ടിയെ വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസമായി കുട്ടിയുടെ അമ്മയും അച്ഛനും കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് താമസിക്കുകയാണ്. സുഹൃത്തായ കൃഷ്ണ കുമാറെന്ന ആൾക്കൊപ്പമാണ് അമ്മ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വേണ്ടി പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കസ്റ്റഡിയിലായിരിക്കുന്നത്.