ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ നിന്ന് പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം: തെള്ളകം സ്വദേശിയായ 52 കാരൻ പൊലീസിന്റെ പിടിയിലായി; കുടുങ്ങിയത് വനിതാ പൊലീസുകാരുടെ തന്ത്രത്തിൽ; മുഖം തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് വച്ചിട്ടും കുടുങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും, ചൂളം വിളിക്കുകയും ചെയ്തിരുന്ന 52 കാരൻ പൊലീസിന്റെ പിടിയിലായി. തെള്ളകം ഹോളിക്രോസ് ആശുപത്രിയ്ക്കു സമീപം നമ്പിമഠം വീട്ടിൽ സോണി തോമസാണ് (52) പിടിയിലയത്.
ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ, പെൺകുട്ടികളുടെ ഹോസ്റ്റലിനോടു ചേർന്നു ദിവസങ്ങളായി സ്‌കൂട്ടറിലെത്തുന്നയാൾ നഗ്നതാ പ്രദർശനം നടത്തുന്നതായും, അശ്ലീല ആംഗ്യങ്ങളും വാക്കുകളും പറയുന്നതായും പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, ഹെൽമറ്റ് ധരിച്ച ശേഷം നഗ്നതാ പ്രദർശനം നടത്തുന്നയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് ദിവസങ്ങളായി പൊലീസ് സംഘം പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടികൾ ഇയാൾ എത്തിയ വാഹനത്തിന്റെ നമ്പർ ശേഖരിച്ചു ഡിവൈ.എസ്.പി ഓഫിസിലെ എ.എസ്.ഐ കെ.ആർ അരുൺകുമാറിന് കൈമാറിയത്. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതി സ്ഥിരമായി എത്തിയിരുന്ന സ്‌കൂട്ടറിന്റെ നമ്പർ ശേഖരിച്ച പൊലീസ് സംഘം, മോട്ടോർ വാഹന വകുപ്പിൽ നിന്നും പ്രതിയുടെ വിലാസവും ഫോൺ നമ്പരും ശേഖരിച്ചു. തുടർന്ന് പിങ്ക് പൊലീസിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ ഫോണിൽ വിളിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ താനിയ വർഗീസ്, ബേബിമോൾ, സബീന എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കുമാരനല്ലൂരിൽ വിളിച്ചു വരുത്തുകയും പിടികൂടുകയും ചെയ്തു. നഗ്നതാ പ്രദർശനം നടത്തിയതിനും, പെൺകുട്ടികളെ ശല്യം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.