സ്വന്തം ലേഖകൻ
കോട്ടയം: കാണാതായതായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ബസേലിയസ് കോളേജ് അധ്യാപകൻ മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ സുഹൃത്ത് വഴി പൊലീസ് നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് അധ്യാപകനും വനിതാ സുഹൃത്തും മടങ്ങിയെത്തിയത്. ഇതേ തുടർന്നു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൾ ഹാജരായ അധ്യാപകനെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അധ്യാപകനൊപ്പം യാത്ര ചെയ്ത വനിതാ സുഹൃത്തും പ്രവാസി മലയാളിയുടെ ഭാര്യയുമായ യുവതിയെയും എറണാകുളത്തെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസേലിയസ് കോളേജ് പ്രഫസറും നഗരത്തിലെ പ്രമുഖ കുടുംബാഗവുമായ ശരത് പി.നാഥിന്റെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്നു വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് എറണാകുളം സ്വദേശിയായ യുവതിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ശരത് പി.നാഥും ഈ യുവതിയും ഒന്നിച്ചാണ് പോയതെന്നും, ഇരുവരുടെയും ഫോൺകോളുകൾ തമ്മിൽ ബന്ധമുണ്ടെന്നും കണ്ടെത്തിയത്. തുടർന്നു പൊലീസ് ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണവും നടത്തി.
ഇതിനിടെ ശരതിനെ കണ്ടെത്തുന്നതിനായി ഇയാളുടെ സുഹൃത്തായ അഭിഭാഷകനും, കോളേജ് അധ്യാപകനും വഴി പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു. കോളേജ് അധ്യാപകന്റെ മധ്യസ്ഥതയിൽ പൊലീസ് നടത്തിയ ഫോൺ സംഭാഷണങ്ങളാണ് ഇരുവരെയും തിരികെ എത്തിക്കുന്നതിൽ ഏറെ നിർണ്ണായകമായത്. ഇരുവരും സംസ്ഥാനത്തിനു പുറത്തെ ഒരു രഹസ്യകേന്ദ്രത്തിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം പോയതായതിനാൽ പൊലീസിനു കേസെടുക്കാനും സാധിച്ചിരുന്നില്ല. തുടർന്നാണ് ഇരുവരെയും മടക്കിക്കൊണ്ടു വരാൻ സുഹൃത്തുക്കളുടെ സഹായം തേടിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇരുവരും കൊച്ചിയിലെ അഭിഭാഷകന്റെ അടുത്ത് എത്തി. തുടർന്നു ശരത് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. യുവതി ഇവരുടെ പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. രണ്ടു പേർക്കും ബന്ധുക്കൾക്കും പരാതിയില്ലാതിരുന്നതിനാൽ മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരെയും വീട്ടയച്ചു.