ദളിതന്റെ പേരിൽ കോടികൾ നേടിയെടുത്തു: ദളിതനോട് പക്ഷേ, ഇന്നും അയിത്തം: ദളിത് വിഭാഗത്തിനു സംവരണം ഇല്ലാതാക്കാൻ വിജയപുരം രൂപതയിൽ ബിഷപ്പ് ചെയ്തത് വൻ തട്ടിപ്പ്

ദളിതന്റെ പേരിൽ കോടികൾ നേടിയെടുത്തു: ദളിതനോട് പക്ഷേ, ഇന്നും അയിത്തം: ദളിത് വിഭാഗത്തിനു സംവരണം ഇല്ലാതാക്കാൻ വിജയപുരം രൂപതയിൽ ബിഷപ്പ് ചെയ്തത് വൻ തട്ടിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: ദളിതന്റെ പേരിൽ ലഭിച്ച കോടികൾ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ച ശേഷം വിജയപുരം രൂപതാ അധികൃതർ ദളിതനെ ആട്ടിപ്പുറത്താക്കുന്നു. ദളിതന്റെ പേരിൽ സ്‌കൂൾ പ്രോജക്ട് സമർപ്പിച്ച ശേഷം സഭയുടെ വിദേശത്തെ ആസ്ഥാനത്തു നിന്നും 72 ലക്ഷം രൂപയാണ് ബിഷപ്പ് നേടിയെടുത്തത്. എന്നാൽ, ദളിതന്റെ പേരിൽ സ്‌കൂൾ കെട്ടിടം നിർമ്മിച്ച ശേഷം ഇത് ലത്തീൻ സഭയുടേതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു കത്ത് നൽകിയ സഭ അധികൃതർ ഇതുവഴി ദളിതന്റെ സംവരണ അവകാശവും കവർന്നെടുത്തു.
2001 ലായിരുന്നു ദളിതന്റെ അവകാശം പൂർണമായും കവർന്നെടുക്കുന്ന രീതിയിൽ വിജയപുരം രൂപത അധികൃതർ ഇടപെട്ടത്. 1963 ൽ സഭ തന്നെ സ്ഥാപിച്ച മുണ്ടക്കയം ബിബിഎം ടിടിഐയുടെ സ്‌കൂൾ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. ഇതേ തുടർന്നു സ്‌കൂൾ കെട്ടിടത്തിനു ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായി. സ്‌കൂളിന്റെ ഫിറ്റ്‌നസ് നഷ്ടമായതോടെ സ്‌കൂൾ അടച്ചു പൂട്ടുന്ന സാഹചര്യവും ഉടലെടുത്തു. ഇതേ തുടർന്നു സ്‌കൂളിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിനായി സഭ 40 ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു. തുടർന്നു ഈ തുകയും വിശദമായ എസ്റ്റിമേറ്റും സ്‌പെയിനിലെ കർമ്മലീത്താ മിഷനറിമാർക്ക് ബിഷപ്പ് പീറ്റർ തുരുത്തിക്കോണം അയച്ചു നൽകി. എന്നാൽ, ഇതു സംബന്ധിച്ചുള്ള പ്രോജക്ട് സഭാ അധികൃതർ സമർപ്പിച്ചെങ്കിലും കർമ്മലീത്താ മിഷനറിമാർ അംഗീകരിക്കാനോ, തുക അനുവദിക്കാനോ തയ്യാറായില്ല. കേരളത്തിൽ ഇനി സ്‌കൂൾ കെട്ടിട നിർമ്മാണത്തിനു ഫണ്ട് അനുവദിക്കില്ലെന്ന വാദമാണ് ഇവർ ഉയർത്തിയത്. രണ്ടു തവണയാണ് ഇതേ പ്രോജക്ട് വിജയപുരം രൂപത അധികൃതർ സമർപ്പിച്ചത്.
എന്നാൽ, മൂന്നാം തവണ 1930 ൽ വിജയപുരം രൂപത രൂപീകരിച്ചത് സമൂഹത്തിൽ അയിത്തവും അടിമത്തവും അനുഭവിക്കുന്ന ജനതയുടെ ആത്മീയ ഭൗതിക പുരോഗതിക്കായി സ്പാനിഷ് കർമ്മലീത്ത മിഷനറിമാരാണെന്ന മാർപാപ്പയുടെ രേഖയുടെ കോപ്പി സഹിതമാണ് പ്രോജക്ട് സമർപ്പിച്ചത്. ഇതോടെ പദ്ധതി തുകയായി 40 ലക്ഷത്തിന് പകരം 72 ലക്ഷം രൂപ സഭയ്ക്കു സ്‌പെയിനിൽ നിന്നും അനുവദിച്ചു. ആവശ്യമായ തുക ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ച ശേഷം സഭ ബാക്കി തുക അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതിനു ശേഷം സഭ ദളിതനെ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളാണ് സഭയിൽ നിന്നും ഉണ്ടായത്. വിജയപുരം രൂപതാ മാനേജ്‌മെന്റിന്റെ കീഴിലായിരുന്ന ഈ സ്‌കൂൾ ലത്തീൻ മാനേജ്‌മെന്റിന്റെ കീഴിലാണെന്ന റിപ്പോർട്ടാണ് സഭ ആദ്യം നൽകിയത്. ഇതേ തുടർന്നു വിജയപുരം രൂപതയിലെ ദളിത് വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെട്ടത് സംവരണമാണ്. ഇതോടെ രൂപതയിലെ ദളിത് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പോലും ലഭിക്കാത്ത സാഹചര്യമായി. ഇപ്പോൾ ദളിത് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കണമെങ്കിൽ സഭയിലെ സ്‌കൂളുകളിൽ ലത്തീൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദളിതനായ വിദ്യാർത്ഥിക്ക് എവിടെ നിന്നാണ് ലത്തീൻ സർട്ടിഫിക്കറ്റ് ലഭിക്കുക എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

ദളിതന് അയിത്തം കൽപ്പിക്കുന്ന സഭയിലെ ഒരു വിഭാഗത്തിന്റെയും, ബിഷപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 16 ന് സഭാ ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയാണ് ദളിത് കാത്തലിക് മഹാജന സഭ. സഭയിലെ അനീതിയും അയിത്തവും പരിഹരിച്ചില്ലെങ്കിൽ ഒരു വലിയ വിഭാഗം ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്നാണ് ഇതു നൽകുന്ന സൂചന. സഭയിൽ നടക്കുന്ന അനീതികളെ തുറന്നെഴുതിയ കത്ത് പുറത്തു ദളിത് സമുദായാംഗങ്ങൾ പുറത്തു വിട്ടതോടെയാണ് ഇത് കത്തിപ്പടർന്നത്്. ദളിത് സമൂദായാംഗങ്ങളുടെയെല്ലാം വീടുകളിൽ ഈ കത്തും, ഒപ്പം ലഘുലേഖയും എത്തിത്തുടങ്ങിയിട്ടുണ്ട്. ഡിസിഎംഎസ് ആരംഭിച്ച പ്രതിഷേധത്തിൽ ദളിത് സമുദായാംഗങ്ങൾ ഒന്നിച്ച് അണിനിരക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group