
സ്വന്തം ലേഖകൻ
മുണ്ടക്കയം: പ്രളയം ദുരിതം വിതച്ച കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ ജപ്തി ഭീഷണിയുമായി ബാങ്കുകള്‍. അൻപതിലധികം കുടുംബങ്ങള്‍ക്കാണു വിവിധ ബാങ്കുകളുടെ ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. നാല് ലക്ഷം ലോൺ എടുത്തവർക്ക് പലിശയും കൂട്ടുപലിശയുമായി അടയ്ക്കേണ്ട് പന്ത്രണ്ട ലക്ഷം.ദുരിതത്തിൽ ജനം.
കൊറോണ മൂലം രണ്ടുവര്‍ഷവും തുടര്‍ന്നുണ്ടായ പ്രളയവും മലയോരത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചു. ദുരിതത്തില്‍നിന്നു കരകയറാന്‍ പെടാപ്പാടുപെടുന്നതിനിടയിലാണ് ഇപ്പോള്‍ ജപ്തി നടപടികളുമായി ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷിക വായ്പയും ഭവന വായ്പയും ചെറുകിട സംരംഭ വായ്പയും ഉള്‍പ്പെടെ നിരവധി പേരാണ് വീടും സ്ഥലവും പണയംവച്ച് ലോണ്‍ എടുത്തിട്ടുള്ളത്. ഇതാണിപ്പോള്‍ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ന്നു വന്‍ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയിരിക്കുന്നത്. കൂടാതെ സ്വര്‍ണപ്പണയ വായ്പമേലും ബാങ്കുകള്‍ ഉപയോക്താക്കളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജറ്റില്‍ മേഖലയ്ക്കായി പ്രത്യേക തുക വകയിരുത്തുമെന്നു പ്രദേശവാസികള്‍ പ്രതീക്ഷിച്ചെങ്കിലും ഇതിലും നിരാശയായിരുന്നു ഫലം. കര്‍ഷകരുടെ കൃഷിഭൂമി പൂര്‍ണമായി ഒലിച്ചുപോയതോടെ ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുകയാണു പ്രളയ ബാധിത മേഖലയിലെ ജനങ്ങള്‍.
പ്രളയ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ടെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും മേഖലയിലെ അവസ്ഥ പരിതാപകരമാണു പ്രദേശവാസികള്‍ പറയുന്നു.
പ്രളയത്തില്‍ കൃഷിയിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതോടെ മിക്കതോട്ടങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ല. ഉള്‍പ്രദേശങ്ങളിലേക്കുള്ള വഴികള്‍ പൂര്‍ണമായും തകര്‍ന്നതോടെ ഗതാഗതവും സാധ്യമല്ല. തൊഴിലുറപ്പ് ജോലിയില്‍നിന്നുള്ള വരുമാനവും റേഷന്‍ കടയില്‍നിന്നു കിട്ടുന്ന സാധനങ്ങളുമാണു തങ്ങളുടെ ജീവിതം മുന്നോട്ട് നീക്കുന്നതെന്ന് ഇവിടത്തുകാര്‍ പറയുന്നു.
ബാങ്കുകളില്‍നിന്ന് ഫോണ്‍കോളുകള്‍ എത്തിയതോടെ അധികാരികളെ ഈവിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കാതായതോടെ പ്രളയബാധിത അതിജീവന കൂട്ടായ്മ പ്രദേശവാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രളയ ബാധിത മേഖലയിലെ ജപ്തി നടപടി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ബാങ്കുകള്‍ക്കു മുന്പില് ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ബാങ്ക് ജപ്തി നടപടി കൂടുതല്‍ വേഗത്തില്‍ ആക്കിയതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.
അതിജീവനത്തിനായി പോരാടുന്ന മലയോര മക്കള്‍ക്ക് തണലാകുവാന് അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.







