മകൾക്കു പിന്നാലെ ബാലഭാസ്കറും വിടവാങ്ങി: തനിച്ചായതറിയാതെ ലക്ഷ്മി ഇപ്പോഴും ‘ഉറക്കത്തിൽ ‘
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒന്നര വയസുകാരി തേജസ്വിനിയെ അവസാനമായി ഒരു നോക്ക് കാണാനാവാതെ ബാലഭാസ്കർ മിഴിയടച്ചു. അപകടാവസ്ഥയിൽപ്പെട്ട് ഒരാഴ്ചയായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന വയലിനിസ്റ്റ് ബാലഭാസ്കർ (40) ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
തിങ്കളാഴ്ച പൂർണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലർച്ചെയൊടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്തംബർ 25ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ‌്കരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട‌് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ‌്. ഡ്രൈവർ അർജുനും ചികിത്സയിലാണ‌്.
12–-ാവയസിലാണ‌് ബാലഭാസ‌്കർ സ‌്റ്റേജ‌് പരിപാടികൾ അവതരിപ്പിച്ച‌് തുടങ്ങിയത‌്. 17–-ാം വയസിൽ മംഗല്യപല്ലക‌് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന‌് പുറമെ ഹിന്ദി, തമിഴ‌്, തെലുങ്ക‌് എന്നീ സിനികളിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട‌്. പ്രശസ‌്ത സംഗീതജ്ഞൻ എ ആർ റഹ‌്മാൻ, മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ഉസ‌്താദ‌് സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായക‌് റാം, ഹരിഹരൻ, പാശ‌്ചാത്യ സംഗീതഞ‌്ജൻ ലൂയി ബാങ്ക‌്, ഫസൽ ഖുറൈഷി എന്നിവർക്കൊപ്പം ചേർന്ന‌് ജുഗൽബന്ദിയിലൂടെ ഏറെ ശ്രദ്ധേയനായി.
1978 ജൂലൈ പത്തിന‌് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ‌് ജനനം. ഗായകൻ, സംഗീതസംവിധായകൻ, വയലിനിസ‌്റ്റ‌് എന്നീ നിലകളിൽ ശ്രദ്ധേയനായ ബാലഭാസ‌്കർ ഫ്യൂഷൻ, കർണാടക സംഗീത മേഖലയലിൽ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസിൽ അമ്മാവൻ ബി ശശികുമാറിൽനിന്ന‌് കർണാകട സംഗീതത്തിൽ ബാലപാഠം അഭ്യസിച്ചുതുടങ്ങി. നിനക്കായ‌്, ആദ്യമായ‌് തുടങ്ങിയവയടക്കം നിരവധി ആൽബങ്ങൾ പുറത്തിറക്കി.
തിരുവനന്തപുരം മോഡൽ സ‌്കൂൾ, മാർ ഇവാനിയസ‌് കോളേജ‌്, യൂണിവേഴ‌്സിറ്റി കോളേജ‌് എന്നിവിടങ്ങളിലാണ‌് പഠിച്ചത‌്. സഹോദരി മീര.