![മകളെ കാണാൻ ബാലു തനിയെ മടങ്ങി; ബാലഭാസ്‌കറിന് കേരളം കണ്ണീരോടെ വിട നൽകി മകളെ കാണാൻ ബാലു തനിയെ മടങ്ങി; ബാലഭാസ്‌കറിന് കേരളം കണ്ണീരോടെ വിട നൽകി](https://i0.wp.com/thirdeyenewslive.com/storage/2018/10/bala-theja-1.jpg?fit=714%2C400&ssl=1)
മകളെ കാണാൻ ബാലു തനിയെ മടങ്ങി; ബാലഭാസ്‌കറിന് കേരളം കണ്ണീരോടെ വിട നൽകി
സ്വന്തം ലേഖകൻ
തൈക്കാട്: അതുല്യ പ്രതിഭ ബാലഭാസ്‌കറിന് സംഗീതലോകം വിട നൽകി. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയകലാകാരനെ ഒരു നോക്കു കാണാൻ ഇവിടെ എത്തിയത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ അനന്തപുരി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകൾ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), സുഹൃത്ത് അർജുൻ (29) എന്നിവർ ആശുപത്രിയിൽ ചികിൽസയിലാണ്.
മൂന്നാം വയസ്സിൽ കൈയ്യിൽ കിട്ടിയ വയലിൻ കളിപ്പാട്ടം ജീവിതാവസാനം വരെ ജീവവായു പോലെ ബാലഭാസ്‌കർ കൊണ്ടു നടന്നു. സംഗീത പാരമ്പര്യമുള്ള കുടുംബമായതിനാൽ എല്ലാ പിന്തുണയും ലഭിച്ചു. സി.കെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായാണ് ബാലു എന്ന ബാലഭാസ്‌ക്കർ ജനിക്കുന്നത്. അമ്മാവൻ ബി.ശശികുമാർ തെളിച്ച വഴിയിലൂടെ സംഗീതത്തിന്റെ ലഹരിയിലേയ്ക്ക് പന്ത്രണ്ടാം വയസ്സിലാണ് ആദ്യ കച്ചേരി. കൗമാരത്തിന്റെ ആഘോഷങ്ങൾക്കിടയിൽ മംഗല്യ പല്ലക്ക് എന്ന് സിനിമയിൽ സംഗീത സംവിധായകന്റെ വേഷത്തിലെത്തി. വെറും 17 വയസ്സു പ്രായമുള്ളപ്പോൾ. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്റെ ഉദയമായിരുന്നു അത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
ഈസ്റ്റ് കോസ്റ്റ് ആൽബങ്ങൾ ഹിറ്റായിരുന്ന 2000 കാലഘട്ടങ്ങളിൽ ബാലഭാസ്‌ക്കർ എന്ന പേര് തന്നെ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടതായി. ആ പ്രണയഗാനങ്ങൾ ഇന്നും എല്ലാവരുടെ ചുണ്ടിലും മായാതെ നിൽക്കുന്നു. വെള്ളിത്തിരയിൽ നല്ല അവസരങ്ങൾ ഉണ്ടായെങ്കിലും അതിൽ ഒതുങ്ങാൻ അദ്ദേഹത്തിനായില്ല. സ്റ്റേജ് ഷോകളിലൂടെയും മറ്റും ലോകത്താകമാനം പ്രേഷകരെ ഞെട്ടിച്ചു കളഞ്ഞു. വയലിനിലെ അനന്ത സാധ്യതകളെക്കുറിച്ച് അദ്ദേഹം എന്നും ഗവേഷണത്തിലായിരുന്നു. പാശ്ചാത്യ പൗരസ്ഥ്യ സംഗീതത്തിന്റെ വഴികൾ ഇഴ ചേർന്നു വഴങ്ങുന്ന പ്രതിഭാസമായിരുന്നു ബാലഭാസ്‌ക്കർ. കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന് കൺഫ്യൂഷൻ എന്ന പേരിൽ ബാൻഡ് രൂപീകരിച്ചു. 22-ാം വയസ്സിൽ ബിഎ പഠനം പൂർത്തിയാകുന്ന സമയത്തായിരുന്നു വിവാഹം.ഗാനഗന്ധർവ്വൻ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, തുടങ്ങിയ പ്രമുഖർക്കൊപ്പം എല്ലാം വേദികൾ പങ്കിട്ടു. ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപ്രതീക്ഷിത വിയോഗം. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾ തേജസ്വിക്ക് കൂട്ടായി ബാലഭാസ്‌ക്കർ സ്വർഗ്ഗീയ സംഗീതം മീട്ടിക്കൊണ്ടേയിരിക്കും.