സ്വകാര്യ ബസിൽ അധ്യാപികയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചു: തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപികയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിലായി. മധുര തിരുപ്പരാംകുണ്ടം വീട്ട് നമ്പർ 111 ൽ മഹേന്ദ്രന്റെ ഭാര്യ മഹ (26)നെയാണ് ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. കുറിച്ചി സെന്റ് മേരീസ് മഗ്ദലനീസ് സ്‌കൂളിലെ അധ്യാപിക ജാന്നി പുന്നൂസിന്റെ ബാഗാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. കല്ലിശേരിയിൽ നിന്നാണ് ജാന്നി ബസിൽ കയറിയത്. ഇടയ്ക്ക് വച്ചാണ് മഹ ബസിൽ കയറിയത്. തുടർന്ന് ഇവരുടെ ബാഗിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബാഗിൽ നിന്നും മോഷ്ടിക്കാൻ ശ്രമിക്കുന്നത് മനസിലാക്കിയ ഇവർ വിവരം സഹയാത്രക്കാരെ അറിയിച്ചതോടെയാണ് മഹയെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മഹയ്‌ക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് അയച്ചു നൽകിയിട്ടുണ്ട്. സമാന രീതിയിൽ കേസുകളുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചിത്രം അയച്ചു നൽകിയിരിക്കുന്നത്.