play-sharp-fill
ബാബ സിദ്ദീഖിയുടെ കൊലപാതകം; ‘ബോൺ ഓസിഫിക്കേഷൻ ടെസ്റ്റിലൂടെ ‘തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ച് പോലീസ്’..

ബാബ സിദ്ദീഖിയുടെ കൊലപാതകം; ‘ബോൺ ഓസിഫിക്കേഷൻ ടെസ്റ്റിലൂടെ ‘തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ച് പോലീസ്’..

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന വാദം പൊലീസ് പൊളിച്ചത് ബോൺ ഓസിഫിക്കേഷൻ ടെസ്റ്റിലൂടെയാണ്.

തനിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നായിരുന്നു കേസിൽ അറസ്റ്റിലായ ധർമരാജിന്റെ വാദം. ഈ വാദം പരിശോധിക്കാൻ പൊലീസിന് കോടതി നിർദേശം നല്‍കി. തുടർന്ന് നടത്തിയ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധനയിൽ ഇയാൾ പ്രായപൂർത്തിയായ ആളാണെന്ന് തെളിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ധർമരാജ് കശ്യപ് അടങ്ങുന്ന മൂന്നംഗ സംഘമാണ് ബാബാ സിദ്ദിഖിയെ വെടിവച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

എന്താണ് ബോൺ ഓസിഫിക്കേഷൻ ടെസ്റ്റ്? ഇന്ത്യൻ നിയമത്തിൽ ഈ ടെസ്റ്റിൻ്റെ പ്രയോഗികത എന്താണ്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്ഥി രൂപീകരണത്തിൻ്റെ സ്വാഭാവിക പ്രക്രിയയാണ് ഓസിഫിക്കേഷൻ. ഭ്രൂണാവസ്ഥയിൽ തുടങ്ങി കൗമാരത്തിൻ്റെ അവസാനം വരെ ഇത് തുടരുന്നു. പക്ഷേ ഓരോ വ്യക്തിയിലും ഇത് വ്യത്യസ്തമായിരിക്കും. അസ്ഥികളുടെ വികാസത്തിൻ്റെ ഘട്ടത്തെ അടിസ്ഥാനമാക്കി, വിദഗ്ധർക്ക് ഒരാളുടെ ഏകദേശ പ്രായം നിർണ്ണയിക്കാൻ കഴിയും. ബോൺ ഓസിഫിക്കേഷൻ ടെസ്റ്റിനായി കൈകളുടെയും കൈത്തണ്ടയുടെയും ഉൾപ്പെടെ ചില എല്ലുകളുടെ എക്സറേ ശേഖരിക്കുന്നു. ഈ ചിത്രങ്ങൾ ബോൺ ഡെവലെപ്മെൻ്റിൻ്റെ സ്റ്റാൻഡേർഡ് എക്സ്-റേകളുമായി താരതമ്യപ്പെടുത്തുക വഴി പ്രായം നിർണ്ണയിക്കാൻ കഴിയും.

കൈകളിലെയും കൈത്തണ്ടയിലെയും എല്ലുകളും അവയുടെ വളർച്ചയും നോക്കുന്ന ഒരു സ്കോറിംഗ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിശകലനം. ഒരോ ജനവിഭാഗത്തിനിടയിലും അസ്ഥികളുടെ പക്വതയും അവയുടെ നിലവാരവുമായി താരതമ്യപ്പെടുത്തുക വഴിയാണ് ഇത് സാധ്യമാക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് 18 വയസിന് താഴെ പ്രായമുള്ളവരെ പ്രായപൂർത്തിയാകാത്തവരായാണ് കണക്കാക്കുന്നത്.

ഇവർക്കുള്ള ക്രിമിനൽ നടപടിക്രമവും ശിക്ഷയും പുനരധിവാസവും പ്രായപൂർത്തിയായവരിൽ നിന്ന്  വ്യത്യസ്തമായിരിക്കുന്നു. ഇതിനാൽ പ്രതിയുടെ പ്രായം നിർണയിക്കുക എന്നത് അതിപ്രാധാനമാണ്. 18 വയസ്സിന് താഴെയുള്ളവർ 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലാണ് വരിക. നിയമത്തിനു മുന്നിൽ തെറ്റുകാരനായ പ്രായപൂർത്തിയാകാത്തവരെ അയക്കുന്നത്  ഒബ്സർവേഷൻ ഹോമിലേക്കാണ് അയക്കുക.

ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിൽ, തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു ധർമരാജിൻ്റെ വാദം. 21വയസെന്ന് തെളിയിക്കുന്ന ധർമരാജിൻ്റെ തിരിച്ചറിയൽ കാർഡിലെ ഫോട്ടോ കൃത്യമായിരുന്നെങ്കിലും പേര് മറ്റൊന്നായിരുന്നു.

പ്രായം തെളിയിക്കുന്ന മറ്റൊരു തെളിവും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ബോൺ ഓസിഫിക്കേഷൻ ടെസ്റ്റ് നടത്താനുള്ള നിർദേശം കോടതി മുന്നോട്ട് വയ്ക്കുന്നത്.

ഇനി ബോൺ ഓസിഫിക്കേഷൻ ടെസ്റ്റുകൾ എത്രത്തോളം വിശ്വസനീയമാണെന്ന് ചോദിച്ചാൽ, അസ്ഥികളുടെ പക്വത നിരീക്ഷിക്കുന്നതിലെ വ്യത്യാസം പരിശോധനയുടെ കൃത്യതയെ ബാധിച്ചേക്കാം. കൂടാതെ, വ്യക്തികൾക്കിടയിലെ അസ്ഥിയുടെ വികാസത്തിലെ ചെറിയ വ്യത്യാസങ്ങൾ  ടെസ്റ്റിൽ പിഴവുകൾ വരാനുള്ള സാധ്യത നൽകുന്നുണ്ട്.

പോക്സോ കേസുകളിൽ ഓസിഫിക്കേഷൻ ടെസ്റ്റിലൂടെ ഇരയുടെ പ്രായം നിർണയിക്കേണ്ട സാഹചര്യങ്ങളിൽ ടെസ്റ്റിൻ്റെ റെഫറൻസ് ശ്രേണിയിലെ ഉയർന്ന പ്രായം പരിഗണിക്കണമെന്നും രണ്ട് വർഷത്തെ പിശകിൻ്റെ മാർജിൻ പ്രയോഗിക്കേണ്ടത് ആവശ്യമാണെന്നും ഡൽഹി ഹൈക്കോടതി ഈ വർഷമാണ് നിരീക്ഷിച്ചത്.