
ഫെഫ്ക കുറ്റക്കാരെ സംരക്ഷിക്കില്ല, സ്ത്രീകളുടെ പ്രശ്നങ്ങളിൽ പ്രാധാന്യം നൽകും, ആഷിഖ് അബുവിന്റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത്. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്കക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.
നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതികള്‍ അറിഞ്ഞാൽ പോലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുൻകൈ എടുത്ത് പോലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു.
ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യും. പോലീസിൽ അറിയക്കേണ്ട വിഷയങ്ങൾ പോലീസിൽ അറിയിക്കും.അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് എന്ന സമീപനം ഇല്ല. വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് ഔദ്യോഗികമായി പറയുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.