അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരും മുൻപ് ക്ഷേത്ര നിർമ്മാണ ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി ; ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി സുപ്രീംകോടതി അനുമതി നൽകിയത്. അയോദ്ധ്യയുടെ മണ്ണിൽ രാമക്ഷേത്രം ഉയരുന്നതിന് മുൻപ് തന്നെ നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്.

ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടിൽ നിന്നാണ് പണം പോയതെന്ന് പൊലീസ് അറിയിച്ചു.

ക്ഷേത്ര നിർമ്മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ശ്രീ രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്. ഈ അക്കൗണ്ടിൽ നിന്നും ആറ് ലക്ഷം രൂപയാണ് നഷ്ടമായത്.

അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടര ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിൻവലിച്ചതെന്ന് അയോദ്ധ്യ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ദീപക് കുമാർ പറഞ്ഞു.

ട്രസ്റ്റിന്റെ സെക്രട്ടറി ചമ്പത് റായിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.പി.സി 419, 420, 467, 468 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം പണം പിൻവലിച്ച അതേ സീരിയൽ നമ്പറുകളുടെ ഒറിജിനൽ ചെക്കുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതർ പൊലീസിനെ അറിയിക്കുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് ബാങ്കിൽ നിന്ന് വെരിഫിക്കേഷൻ കോൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. 9.86 ലക്ഷം രൂപ പിൻവലിക്കാനായി മൂന്നാമതും ചെക്ക് നൽകിയപ്പോഴായിരുന്നു തട്ടിപ്പ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ സമർപ്പിച്ച വ്യാജ ചെക്കുകളിൽ ട്രസ്റ്റ് സെക്രട്ടറി റായിയുടെയും ട്രസ്റ്റിലെ മറ്റൊരു അംഗത്തിന്റെയും വ്യാജ ഒപ്പുകൾ ഇട്ടിരുന്നു.

നേരത്തെ സെപ്തംബർ 1, 3 തീയതികളിലാണ് പണം പിൻവലിച്ചിരുന്നത്. പിൻവലിച്ച തുക പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തട്ടിപ്പുകാരെയും ട്രസ്റ്റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ചോർത്തിയവരേയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷം നവംബർ ഒൻപതിന് അയോദ്ധ്യയിലെ ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ശിലയിടൽ ചടങ്ങ് നടന്നത്.