Spread the love

 

കൊട്ടാരക്കര: കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു വാസുദേവൻ പോറ്റിയും സഹോദരങ്ങളും. അതുകൊണ്ട് തന്നെ മകള്‍ക്കൊരു പേരിടാൻ വാസുദേവൻ പോറ്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

video
play-sharp-fill

എന്നാല്‍ പിതാവ് തനിക്ക് പേരിട്ടത് അയിഷ എന്ന് മാത്രമായിരുന്നെന്നും, അതില്‍ പോറ്റി എന്ന വാല് ചേര്‍ത്തത് പാർട്ടിയാണെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി.

അയിഷ പോറ്റിയുടെ വാക്കുകള്‍ ഇങ്ങനെ: “അച്ഛന്‍ വാസുദേവന്‍ പോറ്റിയും അച്ഛന്റെ അനിയന്മാരുമൊക്കെ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. പേരുകൊണ്ട് ജാതി അറിയരുത് എന്ന് വിചാരിച്ചിട്ടാണ് ഇഷ്ടകഥാപാത്രമായ വയലാറിന്റെ അയിഷയുടെ പേരിട്ടതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പോറ്റി എന്ന വാല് വരുന്നതോടെ അത് പോയില്ലേ എന്ന അഭിമുഖകാരന്റെ ചോദ്യത്തോട് അയിഷയുടെ മറുപടി ഇങ്ങനെയായിരുന്നു: “അത് പാര്‍ട്ടി ആക്കിയതല്ലേ.”

അതെസമയം അയിഷ പോറ്റിയുടെ തെരഞ്ഞെടുപ്പ് അഫിഡവിറ്റുകളിലെല്ലാം പേരിനൊപ്പം പോറ്റി എന്ന വാലുണ്ട് എന്നത് ശ്രദ്ധേയമാണ്. രേഖകളില്‍ ഇല്ലെന്ന് അയിഷ പോറ്റി സൂചിപ്പിക്കുന്ന വാല് പാർട്ടി കൂട്ടിച്ചേർത്തത് എങ്ങനെയാണെതില്‍ വ്യക്തതയില്ല.

പേരിലെ ഈ വൈരുദ്ധ്യം അയിഷയുടെ ജീവിതശൈലിയിലും കാണാം. അയിഷ പോറ്റി തന്നെ പറയുന്നതു പ്രകാരം താൻ ‘നല്ല വിശ്വാസിയാണ്.’ ആരാധനയും പൂജയുമൊക്കെ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘അതൊന്നുമില്ല. വിളക്ക് കൊളുത്തും. ചേട്ടന്റെ കുടുംബത്തിലുണ്ട് തേവാരവും പൂജയും.’

രാഷ്ട്രീയത്തിലേക്കുള്ള അയിഷ പോറ്റിയുടെ വരവ് യാദൃശ്ചികമായിരുന്നു. കല്യാണം കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. അച്ഛൻ രാഷ്ട്രീയത്തില്‍ പോകാനൊന്നും സമ്മതിക്കുന്ന ആളായിരുന്നില്ല.

സ്ട്രിക്റ്റ് ആയാണ് വളർത്തിയത്. മഹിളാ അസോസിയേഷനില്‍ ചേരണം എന്നു എല്ലാവരും പറഞ്ഞപ്പോഴും അയിഷ സ്വയം ഒരു തീരുമാനം എടുത്തില്ല. തന്റെ ഭർത്താവിനോട് സമ്മതം ചോദിച്ചു. വക്കീലന്മാര്‍ക്ക് രാഷ്ട്രീയം നല്ലതാണെന്നും, സമയമുണ്ടെങ്കില്‍ പോകാമെന്നും ഭർത്താവ് ഇ. ശങ്കരൻ പോറ്റി സമ്മതം മൂളി. അങ്ങനെയാണ് 1991ല്‍ പാർട്ടിയിലെത്തുന്നത്.

പാർട്ടിയില്‍ വിഭാഗീയത ശക്തമായിരുന്ന കാലത്ത് അയിഷ പോറ്റി വിഎസ് അച്യുതാനന്ദനൊപ്പമായിരുന്നു. എങ്കിലും പ്രത്യക്ഷമായി അത്തരം പക്ഷങ്ങളുടെ രാഷ്ട്രീയ ഒഴുക്കുകളില്‍ പെടാൻ നിന്നിട്ടില്ല അയിഷ പോറ്റി. ജില്ലയിലെ കടുത്ത വിഎസ് പക്ഷക്കാരായാണ് മേഴ്‌സിക്കുട്ടിയമ്മയും ഗുരുദാസനുമെല്ലാം അറിയപ്പെട്ടിരുന്നത്.

ഈ വിഭാഗീയതയുടെ കാലം അയിഷ പോറ്റിയുടെ ‘കരിയറില്‍’ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഒരു തികഞ്ഞ പാർട്ടിക്കാരിയായി അയിഷ പോറ്റി ഒരിക്കലും അറിയപ്പെട്ടില്ല എന്നതും അവർക്ക് പലപ്പോഴും തിരിച്ചടിയായി.

ഏറെനാളായി പാർട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്ന അയിഷ ഒടുവില്‍ യുഡിഎഫിലേക്ക് പോകുമ്പോള്‍ അതില്‍ അപ്രതീക്ഷിതത്വത്തിന്റെ അളവ് കുറവാണ്.