അയർക്കുന്നം പഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം; കോൺഗ്രസ്സ്

അയർക്കുന്നം പഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം; കോൺഗ്രസ്സ്

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: കനത്ത വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും മൂലം ജനങ്ങൾ വലയുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലീവെടുത്തു പോയ സാഹചര്യത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഗവേഷണം നടത്തുകയും പാരിതോഷികമില്ലാതെ ഒരു കാര്യവും ചെയ്യാത്ത ഈ സെക്രട്ടറി ഇതിനു മുമ്പും ഈ പഞ്ചായത്തിൽ ജോലി നോക്കിയതിന് ശേഷം സ്ഥലം മാറിപ്പോവുകയും പുതിയ പഞ്ചായത്ത് ഭരണസമതി അധികാരത്തിൽ വന്നപ്പോൾ വീണ്ടും തിരിച്ചെത്തുകയും ചെയ്തത് ഈ പഞ്ചായത്ത് അനർഹമായി പണമുണ്ടാക്കാൻ പറ്റിയ ഇടമായതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിൽ ഇദ്ദേഹത്തെ സ്ഥലം മാറ്റി ഉത്തരവിറങ്ങി എന്നാൽ ഭരണകക്ഷി ഇടപെട്ടു സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമതിയുടെ തീരുമാനം മറികടന്നു പല വിവാദ ലൈസൻസുകൾ സാമ്പത്തിക നേട്ടത്തിനായി കൊടുത്തതിന്റെ പേരിൽ ഇദ്ദേഹത്തിന് ഹൈക്കോടതിയിൽ വിമർശനവും കോടതി അലക്ഷ്യ കേസും നേരിട്ടുകൊണ്ടിരിക്കയാണ്. ഇദ്ദേഹത്തിനെതിരെ കോട്ടയം വിജിലൻസ് പോലീസ് സൂപ്രണ്ടിനും നാട്ടുകാർ പരാതി നല്കുകയും ചെയ്തിട്ടുണ്ട്. അയർക്കുന്നം പഞ്ചായത്തിൽ വെള്ളപ്പൊക്ക സമയത്ത് പല സ്ഥലങ്ങളിലായി പത്തോളം ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. നിരുത്തരവാദിത്വപരമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ നടത്തുമെന്നും ജോയി കൊറ്റത്തിൽ പറഞ്ഞു