
പന്തളം: വലിയ കോയിക്കല്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാർത്തി ഒരുക്കിയ വിഷുക്കണി ദർശനത്തിനിടെ ശബരിമല അയ്യപ്പസ്വാമിയുടെ കാണിപ്പൊന്ന് നഷ്ടമായി.
നാലുമണിക്കൂറിന് ശേഷം തിരിച്ചുകിട്ടി. ദർശനത്തിനെത്തിയ ഭക്തൻ അബദ്ധത്തില്‍ കാണിപ്പൊന്നുമായി വീട്ടില്‍ പോകുകയായിരുന്നു.
ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഭക്തനെ തിരിച്ചറിയുകയും വീട്ടിലെത്തി കാണിപ്പൊന്ന് കണ്ടെത്തുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തില്‍ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയത്. പുലർച്ചെ നാലര മുതല്‍ ദർശനസൗകര്യം ഉണ്ടായിരുന്നു, ആറുമണിയോടെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ നടയിലൂടെ ദർശനത്തിനെത്തിയ ഭക്തരില്‍ ഒരാള്‍ക്ക് കൊട്ടാരം കുടുംബാംഗമാണെന്ന് കരുതി അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കണ്ണില്‍വച്ച് തൊഴാനായി മേല്‍ശാന്തി നല്‍കി.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങള്‍ക്ക് കണ്ണില്‍ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നല്‍കാറുള്ളത്. മേല്‍ശാന്തി നല്‍കിയ വിഷുക്കൈനീട്ടത്തിനൊപ്പം കാണിപ്പൊന്ന് വീട്ടില്‍ കൊണ്ടുപോയ പന്തളം മുളമ്പുഴ സ്വദേശിയായ ഭക്തൻ അത് വീട്ടില്‍ വിളക്കുവയ്ക്കുന്ന സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു. കൈനീട്ടത്തിനൊപ്പം നല്‍കിയതാണെന്ന് കരുതിയാണ് കാണിപ്പൊന്ന് മടക്കി നല്‍കാതിരുന്നതെന്നും അബദ്ധം പറ്റിയതാണെന്നും ഭക്തൻ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
കൊട്ടാരത്തിനും ദേവസ്വം ബോർഡിനും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. എന്നാല്‍ ദേവസ്വം വിജിലൻസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണർ ആർ.ജയകൃഷ്ണനും വിജിലൻസ് ഉദ്യോഗസ്ഥരും വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.



