play-sharp-fill
നാളെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കം

നാളെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും.ഈമാസം 20 നാണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. നാളെ രാത്രി 10.20ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍. വിഷ്ണു നമ്ബൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ വ്രതശുദ്ധിയോടുള്ള സ്ത്രീലക്ഷങ്ങളുടെ കാത്തിരിപ്പിനു പരിസമാപ്തിയാവും.പിന്നെ പത്തുനാള്‍ നഗരത്തിലെങ്ങും മന്ത്രങ്ങളും ദേവീസ്തുതികളും മാത്രം.

ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍ നാളെ വൈകിട്ട് 6.30നു നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം പാലിയം ഇന്ത്യാ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാലിനു സമ്മാനിക്കും. തോറ്റംപാട്ടും ഉല്‍സവത്തിന്റെ ആദ്യദിവസം തുടങ്ങും. തന്റെ നേത്രാഗ്നിയില്‍ നിന്നും മധുരാ നഗരത്തെ ചുട്ടെരിച്ച കണ്ണകിയുടെ കഥ പറയുന്ന പാട്ടോടെയാണു തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണകിയെ സാന്ത്വനപ്പെടുത്താന്‍ പൊങ്കാലയിട്ടുവെന്നും മഹിഷാസുരവധം കഴിഞ്ഞ് ഭക്തരുടെ മുന്നില്‍ പ്രത്യക്ഷയായ ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ടു സ്വീകരിച്ചുവെന്നുമുള്ള ഐതിഹ്യങ്ങളുടെ ചുവടു പിടിച്ചാണു ചിലപ്പതികാരത്തിലെ കഥകള്‍ പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുക. അംബ, അംബിക, അംബാലിക എന്നീ മൂന്നു വേദികളിലാവും കലാപരിപാടികള്‍ അരങ്ങേറുക.

ആറ്റുകാലിലെ അംബാ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളില്‍ ദിവസവും അന്നദാനം ഉണ്ടായിരിക്കും. ഉത്സവത്തിന്റെ മൂന്നാംദിവസമാണ് കുത്തിയോട്ട വ്രതം തുടങ്ങുക. പന്ത്രണ്ട് വയസില്‍ താഴെയുള്ള നൂറു കണക്കിനു ബാലന്മാര്‍ പങ്കെടുക്കും. വ്രതശുദ്ധിയോടെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന ബാലന്മാര്‍ ദേവിയുടെ മുന്നില്‍ 1008 നമസ്‌കാരം നടത്തി ഒന്‍പതാം ദിനം അണിഞ്ഞൊരുങ്ങി ചൂരല്‍കുത്തി ദേവിയുടെ എഴുന്നള്ളത്തിന് അകമ്ബടി സേവിക്കും. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ താലപ്പൊലിയും നടത്തും.കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ തുടങ്ങുന്ന ഉത്സവത്തില്‍, പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിനത്തിലാണു പൊങ്കാല.

തോറ്റം പാട്ടില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ഉടന്‍ ശ്രീകോവിലില്‍ നിന്നു തന്ത്രി ദീപം പകര്‍ന്നു മേല്‍ശാന്തിക്കു കൈമാറും. മേല്‍ശാന്തി ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും.

തുടര്‍ന്ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും അവിടെ നിന്നു പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് അടുപ്പുകളിലേക്കും അഗ്നി പകരും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിക്കഴിഞ്ഞാല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകളും ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. വിളക്കു കെട്ടുകള്‍ റോഡു മാര്‍ഗം കൊണ്ടു വരുമ്‌ബോള്‍ പൊലീസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഉല്‍സവ ദിനങ്ങളില്‍ പുലര്‍ച്ചെ നാലരയോടെ തുടങ്ങുന്ന ക്ഷേത്ര ചടങ്ങുകള്‍ രാത്രി ഒന്നു വരെ തുടരും.