അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിലേക്ക്‌

അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിലേക്ക്‌

Spread the love

ഇന്റർനാഷണൽ ഡെസ്‌ക്

ദുബായ് : സാമ്പത്തിക ഇടപാടുകളെ തുടർന്ന് മൂന്ന് വർഷം ദുബായിൽ ജയിലിലായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിൽ. കടം കൊടുക്കാനുള്ള ആയിരം കോടിയുടെ ഉറവിടം 12 ദിവസത്തിനുള്ളിൽ ഹാജരാക്കണം. ഈ വർഷം അവസാനത്തോടെ കടം തീർത്തില്ലെങ്കിൽ വീണ്ടും ജയിലിലാകും. തുകയുടെ ഉറവിടം ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും അറിയുന്നു. ദുബായിലെ വിവിധ ബാങ്കുകളിൽ പലിശയടക്കം 1300 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്. ഗൾഫിലെ 52 ജ്വല്ലറികൾ വിറ്റാൽ പോലും കടം തീരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. തിരിച്ചടവു സംബന്ധിച്ച വിവരങ്ങൾ ജൂലൈ അഞ്ചിനു മുൻപ് കൺസോർഷ്യത്തിന് സമർപ്പിക്കണമെന്ന് ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി ജയിലിലേയ്ക്ക് തിരിച്ചയയ്ക്കുന്നതാണ് ദുബയിലെ നിയമം. ഇത്രയും കടമില്ലെന്നും മാധ്യമങ്ങളുൾപ്പെടെ പലരും കടം പെരുപ്പിച്ച് കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വായ്പയെടുത്ത പണം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണ് അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ചയ്ക്ക് വഴിവെച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വർഷം തടവിനു വിധിച്ചത്. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പോലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജയിലിൽ രാമചന്ദ്രൻ കടുത്ത ആരോഗ്യ പ്രശ്നം നേരിട്ടിരുന്നു. ജ്വല്ലറി ഉൾപ്പെടെയുള്ള ബിസിനസ് ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതോടെയാണ് ബാങ്കുകൾ അറ്റ്ലസ് രാമചന്ദ്രനെതിരെ ദുബായ് പൊലീസിന് പരാതി നൽകിയത്. സിനിമാ നിർമാതാവും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രൻ തൃശൂർ സ്വദേശിയാണ്. പതിനഞ്ചിലേറെ ബാങ്കുകളിൽനിന്ന് അറ്റ്ലസ് ഗ്രൂപ്പ് ആയിരം കോടിയോളം രൂപയാണ് ലോണെടുത്തത്. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതിൽ ആറു കേസുകളാണ് ഉണ്ടായിരുന്നത്. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുത്തിരുന്നു.