ഡി ജി പി ബഹ്‌റക്ക് 36 പേർ ആശ്രിതർ; തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തം

ഡി ജി പി ബഹ്‌റക്ക് 36 പേർ ആശ്രിതർ; തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരുടെ ദാസ്യവൃത്തി വിവാദമായിരിക്കെ, ഡിജിപി ലോക്നാഥ് ബെഹ്റയോടൊപ്പം ജോലി ചെയ്യുന്ന 36 പോലീസുകാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ ചുമതല ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നവരിൽ 11 പേർ ക്യാമ്പ് ഫോളോവർമാരാണ്. ഇവരെ മടക്കി വിളിക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. വിഷയം വിവാദമായതോടെ ചിലരെ മടക്കി അയച്ചിട്ടുണ്ടെങ്കിലും അധിക പേരും തുടരുകയാണ്. വി ഐ പികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാർ ചോദിച്ച് വാങ്ങുന്നതാണെന്ന് അസോസിയേഷൻ അംഗങ്ങൾ തന്നെ പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ മന്ത്രിമാർ മുൻമന്ത്രിമാർ എന്നിവരോടൊപ്പമുള്ള ജോലികളും ചോദിച്ച് വാങ്ങുന്നവരുണ്ട്. മുമ്പ് ടോമിൻ ജെ തച്ചങ്കരി എഡിജിപി ആയിരിക്കുമ്പോഴാണ് ക്യാമ്പ് ഫോളോവർമാരടക്കമുള്ളവരുടെ കാര്യത്തിൽ കണക്കെടുപ്പ് നടന്നത്. ഇത്തരത്തിൽ 3200 പേരുണ്ടെന്നാണ് അന്ന് കണ്ടെത്തിയിരുന്നതെങ്കിലും ഡിജിപിയ്ക്ക് കൊടുത്ത റിപ്പോർട്ടിൽ യാതൊരു വിധ നടപടിയുമുണ്ടായില്ല.
കണക്കെടുപ്പിന് വകുപ്പിൽ നിന്ന യാതൊരുവിധ സഹകരണവും ലഭിച്ചിരുന്നുമില്ല. ജോലി ചെയ്യാതെ വർഷങ്ങളായി ശമ്പളം കൈപറ്റുന്ന ഒരു ഡിവൈഎസ്പിയെ അന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുമ്പ് അസുഖം വന്നുവെന്ന കാരണത്തിൽ മെഡിക്കൽ ലീവെടുത്ത് മുങ്ങുകയായിരുന്നു ഇയാൾ. എന്നാൽ ഇതുപോലെ ഒട്ടനവധി തട്ടിപ്പുകൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയെങ്കിലും നടപടിയുണ്ടായില്ല. കേരള പോലീസിൽ പ്രസവമെടുക്കാനുള്ള വയറ്റാട്ടി തസ്തിക വരെ നിലനിൽക്കുന്നുണ്ടെന്നും ഇതിന് അറുതി വരുത്തേണ്ടതുണ്ടെന്നും കെ മുരളീധരൻ എം എൽ എ. ഇന്ന് നിയമസഭയിൽ പരിഹസിച്ചിരിന്നു. ഉയർന്ന പൊലീസ് മേധാവിയുടെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് പൊലീസിൽ നിന്നാണ് ശമ്പളം കൊടുക്കുന്നതെന്നും നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിക്കവെ മുരളീധരൻ പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് രണ്ട് മാസമായി സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. ഇക്കാര്യം പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞോ എന്നും മുരളി ആരാഞ്ഞു. വിഷയത്തിൽ അടിയന്തര പ്രമേയ ആവശ്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ടിങ്ങി. എഡിജിപി സുധേഷ് കുമാറിന്റെ അടിമപ്പണിക്കെതിരെ എസ്എ പി ക്യാമ്പിലെ പൊലീസുകാർ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരുന്നു. പിന്നാലെ മുൻ എസ്എപി കമാൻഡന്റ് പിവി രാജുവിന്റെ വീട്ടിൽ ക്യാമ്പ് ഫോളോവേഴ്‌സ് ദാസ്യപ്പണിയെടുക്കുന്നതിന്റെ വാർത്തകളും പുറത്തു വന്നു