Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ഏറ്റുമാനൂർ: കൊവിഡിൻ്റെ പേരിൽ കേരളത്തിൽ നടക്കുന്നത് പൊലീസ് രാജോ ..! കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ പേരിലാണ് ഏറ്റുമാനൂർ പൊലീസ് ഇപ്പോൾ അഴിഞ്ഞാട്ടം നടത്തിയത്. അതിരമ്പുഴ പള്ളിയിൽ ഒറ്റയ്ക്ക് വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലീസ് ഓഫീസറുടെ നടപടിയാണ് ഇപ്പോൾ വിവാദമായത്.

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റൻറ് വികാരി ഫാ. ലിബിൻ പുത്തൻപറമ്പിലിനെയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ അനാവശ്യമായി വിളിച്ചു വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയതാണ് പൊലീസ് ഓഫീസർ.

സ്കൂളിനും പള്ളിക്കും ഇടയിലുള്ള സ്ഥലത്ത് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതു കണ്ടാണ് അദ്ദേഹം പള്ളി കോമ്പൗണ്ടിൽ എത്തിയത്.

ഈ സമയം വലിയ പള്ളിയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. പള്ളി മൈതാനത്ത് വ്യായാമത്തിനെത്തിയവരുടേതായിരുന്നു കാറുകൾ.

ഈ സമയം മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിൻ പുത്തൻപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയ ശുശ്രൂഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ വാതിൽക്കൽ എത്തി ദേവാലയ ശുശ്രൂഷിയോട് വിവരം തിരക്കിയ ഉദ്യോഗസ്ഥൻ കുർബാനയ്ക്കു ശേഷം വൈദികൻ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിർദ്ദേശിച്ച് മടങ്ങി.

സ്റ്റേഷനിൽ എത്തിയ ഫാ.ലിബിനോട് നിരോധനാജ്ഞ നിലനിൽക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് ഓഫീസർ പറഞ്ഞു. എന്നാൽ നിയമ ലംഘനം നടത്താതെ സ്വകാര്യമായാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായതെന്നും വൈദികൻ വ്യക്തമാക്കി.

തുടർന്ന് പള്ളി അധികൃതർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകൾ ബോധിപ്പിക്കുകയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച അന്നു തന്നെ വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഇതര മാർഗങ്ങളിലൂടെയും ദേവാലയം അടച്ചതായും തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചു. ഈ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പളളി പരിസരത്തും പള്ളിയുടെ വാതിലുകളിലും പതിച്ചു. പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടുകയും ചെയ്തിരുന്നു.
പിന്നീട് പള്ളിയിൽ ഒരു ചടങ്ങുകളും നടന്നിട്ടില്ല.

എന്നാൽ വൈദികർ സ്വകാര്യമായി വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടാണിരിക്കുന്നത്. അത് വൈദികരുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും അവകാശവുമാണ്.ഇവിടെ നിയമ ലംഘനത്തിൻ്റെ പ്രശ്നം ഉദിക്കുന്നുമില്ല.

വികാരിയച്ചൻ സ്ഥലത്തുണ്ടായിട്ടും അദ്ദേഹത്തെ കാണാനോ എന്തെങ്കിലും സംശയത്തിൻ്റെ പേരിലാണെങ്കിൽ തന്നെ അത് അദ്ദേഹത്തെ ധരിപ്പിക്കാനോ തയ്യാറാകാതെ യൂണിഫോമിൽ പള്ളിമുറ്റത്ത് പ്രവേശിച്ച് മദ്ബഹയിൽ നിന്ന ദേവാലയ ശുശ്രൂഷിയെ അവിടെനിന്ന് വിളിച്ച് വിവരം അന്വേഷിക്കുകയാണ് ഓഫീസർ ചെയ്തത്. നിരോധനാജ്ഞയുടെ ഒരു വകുപ്പും ലംഘിക്കാതിരിക്കെ വൈദികൻ്റെ പേരിൽ നിയമലംഘനം ആരോപിച്ച നടപടിയാണ് വിവാദമായത്.

വിവരമറിഞ്ഞ് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പള്ളിയിലെത്തി വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിലിനെ കണ്ട് വിവരങ്ങൾ തിരക്കി. മോൻസ് ജോസഫ് എംഎൽഎ, സി പി എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായ അഡ്വ.പ്രിൻസ് ലൂക്കോസ് തുടങ്ങിയവരും വികാരിയുമായി ഫോണിൽ ബന്ധപ്പെടുകയും വിവരമന്വേഷിക്കുകയും ചെയ്തു.